ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീമാർക്ക് ഉപാധികളോടെ ജാമ്യം
Sunday, August 3, 2025 2:26 AM IST
ഛത്തീസ്ഗഡിലെ ദുർഗിൽനിന്ന് സീനോ സാജു
അടിസ്ഥാനരഹിതമായി മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച രണ്ടു കന്യാസ്ത്രീമാർക്ക് നീണ്ട ഒന്പതു ദിവസത്തെ യാതനകൾക്കുശേഷം മോചനം.
ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണു ദുർഗ് ജയിലിൽനിന്ന് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളായ സിസ്റ്റർ പ്രീതി മേരിക്കും സിസ്റ്റർ വന്ദന ഫ്രാൻസിസിനും ആദിവാസി യുവാവായ സുഖ്മാൻ മാണ്ഡവിക്കും മോചനം സാധ്യമായത്.
വെറും സംശയത്തിന്റെ പേരിലാണു രണ്ടു കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നു ജാമ്യവിധിയിൽ എൻഐഎ ജഡ്ജി വ്യക്തമാക്കി. കോടതിവിധിക്കു പിന്നാലെയും വൈകുന്നേരം സിസ്റ്റർമാരുടെ മോചനത്തെത്തുടർന്നും ദുർഗിൽ വലിയ ആഘോഷങ്ങളുണ്ടായി.
തെറ്റായ വകുപ്പുകൾ ചേർത്ത് കന്യാസ്ത്രീമാർക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും സിബിസിഐയും സിസ്റ്റർമാരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വയ്ക്കേണ്ടതിന് ആവശ്യമായ ഒരു തെളിവും അന്വേഷണ ഏജൻസിക്കു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
സംശയത്തിന്റെ അടിസ്ഥാനത്തിലാണു കേസെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്കു കടന്നിട്ടില്ലെന്നും അതു പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എൻഐഎയ്ക്കുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയിൽ എതിർപ്പ് ഉന്നയിച്ചു.
കടുത്ത വകുപ്പുകൾ ചുമത്തി പോലീസെടുത്ത പ്രഥമവിവര റിപ്പോർട്ടിന്റെ പേരിൽ ആദ്യം മജിസ്ട്രേറ്റ് കോടതിയും പിന്നീട് സെഷൻസ് കോടതിയും കന്യാസ്ത്രീമാർക്കു ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യഹർജി എൻഐഎ കോടതിയുടെ പരിഗണനയ്ക്കു വിട്ടതും സംശയകരമായി.
ജോസ് കെ. മാണി, ജോണ് ബ്രിട്ടാസ്, ജെബി മേത്തർ, പി. സന്തോഷ് കുമാർ എന്നീ എംപിമാരും റോജി എം. ജോണ്, ചാണ്ടി ഉമ്മൻ എന്നീ എംഎൽഎമാരും രാജീവ് ചന്ദ്രശേഖർ, ഷോണ് ജോർജ് തുടങ്ങിയവരും ചേർന്ന് ജയിലിനു പുറത്ത് കന്യാസ്ത്രീമാരെ സ്വീകരിച്ചു.
ജാമ്യവ്യവസ്ഥകൾ ഇങ്ങനെ
☛ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകാൻ പാടില്ല.
☛ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം
☛ ജാമ്യകാലാവധിയിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം എൻഐഎയുടെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം
☛ കന്യാസ്ത്രീമാർ താമസിക്കുന്ന പോലീസ് സ്റ്റേഷന്റെ അധികാരപരിധിയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ ക്കുമുന്നിൽ രണ്ടാഴ്ചയിലൊ രിക്കൽ റിപ്പോർട്ട് ചെയ്യണം
☛ എപ്പോൾ വിളിപ്പിച്ചാലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി അന്വേഷണത്തോടു സഹകരിക്കണം
☛ തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്
☛ കേസിനെ സംബന്ധിച്ച് പരസ്യമായി അഭിപ്രായം പറയാനോ മാധ്യമങ്ങളെ കാണാനോ പാടില്ല.