നിയമസഭയിൽ റമ്മി കളിച്ച കോകാട്ടെ ഇനി സ്പോർട്സ് മന്ത്രി
Saturday, August 2, 2025 1:50 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ റമ്മി കളിച്ച് വിവാദത്തിൽ അകപ്പെട്ട മാണിക് റാവു കോകാട്ടെയെ സ്പോർട്സ് മന്ത്രിയായി മാറ്റി നിയമിച്ചു. ദേവേന്ദ്ര ഫഡ്നാവിസിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഈ തീരുമാനത്തെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു.
കോകാട്ടെ കൈകാര്യം ചെയ്തിരുന്ന കൃഷിവകുപ്പ് ദത്തത്രേയ് ഭാർനെയ്ക്കു നൽകാനും തീരുമാനിച്ചിട്ടുണ്ട്. അജിത് പവാർ നയിക്കുന്ന എൻസിപിയിലെ അംഗങ്ങളാണ് കോകാട്ടെയും ഭാർനെയും. ന്യൂനപക്ഷ വികസനം, വഖഫ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെയും അധികച്ചുമതല കോകാട്ടെയ്ക്കാണ്.
കോകാട്ടെയ്ക്കെതിരേ ശിക്ഷണ നടപടി കൈക്കൊള്ളുന്നതിനു പകരം പാരിതോഷികം നൽകുകയാണു സർക്കാർ ചെയ്തിരിക്കുന്നതെന്നും സഖ്യ സർക്കാരിന്റെ തലപ്പത്തുള്ള ഫഡ്നാവിസിന് വേറെ വഴിയില്ലെന്നും പ്രതിപക്ഷം പരിഹസിച്ചു.
നിരന്തരം വിവാദങ്ങളിൽ ചാടുന്ന കോകാട്ടെ നിയസഭയിൽ റമ്മി കളിക്കുന്നതിനു മുൻപ്, കർഷകരെ യാചകരോട് ഉപമിച്ചതും വാർത്തയായിരുന്നു.