ട്രംപിന്റെ തീരുവ പ്രഖ്യാപനം; കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികൾ
Friday, August 1, 2025 1:49 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 25 ശതമാനം തീരുവ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയ്ക്കെതിരേ പ്രതിപക്ഷ പാർട്ടികൾ.
ഇന്ത്യയുടെ സന്പദ്വ്യവസ്ഥ നിർജീവമാണെന്ന ട്രംപിന്റെ പരാമർശം മോദിയും ധനമന്ത്രി നിർമല സീതാരാമനും ഒഴികെ എല്ലാവരും സമ്മതിച്ചതാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.
ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സാന്പത്തിക അടിത്തറ, പ്രതിരോധം, വിദേശ നയം എന്നിവ ആസൂത്രിതമായി ദുർബലപ്പെടുത്തുകയാണ്. ഒരുവശത്ത് അമേരിക്ക ഇന്ത്യയെ ദുരുപയോഗം ചെയ്യുന്നു. മറുവശത്ത് ചൈന. മൂന്നാമതായി പ്രതിനിധിസംഘത്തെ ലോകമെന്പാടും അയച്ചിട്ടും പഹൽഗാം ആക്രമണത്തിൽ ഒരു രാജ്യവും പാക്കിസ്ഥാനെ അപലപിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ 11 വർഷമായി മോദിസർക്കാർ ട്രംപുമായി സൗഹൃദ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും എങ്കിലും 25 ശതമാനം തീരുവ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തുന്നുവെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ജീവിതനിലവാരം മെച്ചപ്പെടുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജ്യത്തെ വലയ്ക്കുന്നു. നിരവധിപ്പേർ ഇന്ത്യ വിടുകയാണെന്നും അഖിലേഷ് പറഞ്ഞു.
ട്രംപിന്റെ നടപടി രാജ്യത്തെ ചെറുകിട വ്യവസായികളെയും കർഷകരെയും ദോഷകരമായി ബാധിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. പല വ്യവസായങ്ങളും കനത്ത നഷ്ടം നേരിടേണ്ടിവരും. പ്രധാനമന്ത്രിയുടെ സുഹൃത്ത് ഇന്ത്യക്കു നൽകിയ പ്രതിഫലമാണ് പുതിയ തീരുവയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തെ സാരമായി ബാധിച്ചേക്കാവുന്ന നടപടിയാണു ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനമെന്ന് കോണ്ഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന് അധിക പിഴകൾ ഈടാക്കുന്നതിനെയും തരൂർ വിമർശിച്ചു.
ഇന്ത്യൻ സന്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശവും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ സംഘർഷം അവസാനിപ്പിച്ചെന്ന അവകാശവാദത്തിലും മോദി പ്രതികരിക്കേണ്ടിവരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലായിടത്തും പോയി സുഹൃത്തുക്കളെ ഉണ്ടാക്കുന്നുവെന്നാണ് മോദിയുടെ അവകാശം. എങ്കിലും രാജ്യത്തിനു ലഭിക്കുന്നത് ഇത്തരം തിരിച്ചടികളാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ട്രംപ് സർക്കാർ അധികാരമേറ്റശേഷം ദിനംപ്രതി ഇന്ത്യ അപമാനിക്കപ്പെടുകയാണെന്ന് സിപിഐ എംപി സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. ട്രംപിന്റെ പരാമർശത്തിനെതിരേ ഒരു വാക്കുപോലും പറയാൻ സർക്കാർ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിശോധിച്ചുവരികയാണെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനം കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ വ്യക്തമാക്കി. രാജ്യത്തെ കർഷകർ, തൊഴിലാളികൾ, സംരംഭകർ, കയറ്റുമതിക്കാർ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകും.
ദേശീയതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുന്നോട്ടുപോകുമെന്നും ഗോയൽ പറഞ്ഞു. ഇന്നുമുതൽ ഇന്ത്യയിൽനിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. കൂടാതെ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ പിഴ ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.