വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റ് സ്തംഭിച്ചു
Friday, August 1, 2025 1:49 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ "ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നലെയും നടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണു പ്രതിഷേധിച്ചത്.
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അടക്കമുള്ള ചർച്ചകൾ നടന്ന ദിവസങ്ങൾ മാത്രമാണു വർഷകാല സമ്മേളനത്തിൽ സഭ പൂർണമായും പ്രവർത്തിച്ചത്. രാജ്യസഭയിൽ ബുധനാഴ്ചയും ലോക്സഭയിൽ ചൊവ്വാഴ്ചയും ചർച്ച അവസാനിച്ചിരുന്നു.
ഇന്നലെ സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചിരുന്നു. തുടർന്ന് സഭാനടപടികൾ ആരംഭിച്ചപ്പോൾ എസ്ഐആറിനെതിരേയും അമേരിക്കൻ തീരുവയ്ക്കെതിരേയും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഇതോടെ രാജ്യസഭ ഉച്ചയ്ക്ക് 12.30 വരെയും ലോക്സഭ വൈകുന്നേരം നാലുവരെയും നിർത്തിവച്ചു. പിന്നീട് ഇരുസഭകളും ചേർന്നെങ്കിലും പിരിയുകയായിരുന്നു. വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ എസ്ഐആർ വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിനുള്ളിലും പുറത്തും തുടരുകയാണ്.
അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി പ്രതിഷേധിക്കുന്നതിനും "ഇന്ത്യ' സഖ്യം ആലോചിക്കുന്നുണ്ട്. ഇന്നലെ രാവിലെ നടന്ന സഖ്യത്തിന്റെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു. നടപ്പുസമ്മേളനത്തിൽ എസ്ഐആർ സംബന്ധിച്ച ചർച്ച വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.