വ്യാപാരക്കരാർ: യുഎസ് സംഘം ഓഗസ്റ്റ് 25 ന് ഇന്ത്യയിൽ
Wednesday, July 30, 2025 1:42 AM IST
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരക്കരാറിലെ തുടർനടപടികൾക്കായി യുഎസ് സംഘം അടുത്തമാസം 25ന് ഇന്ത്യയിലെത്തും. എന്നാൽ, കരാറിലെ തുടർനടപടികളെക്കുറിച്ചുള്ള ചർച്ചകൾ വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്നും കേന്ദ്രസർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 26 ശതമാനം അധികച്ചുങ്കം ചുമത്തിയ തീരുമാനം പിന്നീട് ഓഗസ്റ്റ് ഒന്നുവരെ മരവിപ്പിക്കുകയായിരുന്നു.
വ്യാപാരക്കരാറിൽ കൂടുതൽ ഒത്തുതീർപ്പുകൾ വേണ്ടിവരുമെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞത്. ഈ സാഹചര്യത്തിൽ ഇടക്കാല കരാറിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
അതേസമയം അപ്രതീക്ഷിത വഴിത്തിരിവിനും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ത്യൻ പ്രതിനിധികളുമായി സംസാരിക്കുന്നത് തുടരുകയാണെന്നും എല്ലാ ഘട്ടത്തിലും ക്രിയാത്മക ചർച്ചകളാണു നടന്നിരുന്നതെന്നും ഗ്രീർ തിങ്കളാഴ്ച സിഎൻബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓഗസ്റ്റ് ഒന്ന് എന്ന സമയപരിധി കൂടുതൽ നീട്ടുകയോ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഇടക്കാല കരാറിൽ എത്തുകയോ ചെയ്തില്ലെങ്കിൽ, നിലവിലുള്ള 10 ശതമാനത്തിനു പുറമേ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് 16 ശതമാനം അധിക തീരുവ നൽകേണ്ടിവന്നേക്കാം.
ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാംഘട്ട ചർച്ച കഴിഞ്ഞയാഴ്ച വാഷിംഗ്ടണിൽ പൂർത്തിയായിരുന്നു. വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളും യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചുമായിരുന്നു ചർച്ച നയിച്ചത്.