ബിഹാർ വോട്ടർപട്ടിക; ഇടപെടുമെന്ന് സുപ്രീംകോടതി
Wednesday, July 30, 2025 1:42 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിൽ കൂട്ടത്തോടെ ഒഴിവാക്കൽ ഉണ്ടായതായി ബോധ്യപ്പെട്ടാൽ ഇടപെടുമെന്ന് സുപ്രീംകോടതി.
കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെടുമെന്ന ഹർജിക്കാരുടെ ആശങ്കയ്ക്കു മറുപടിയായി ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാർ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ് ഐ ആർ ) നടത്തിയതിനെതിരായ ഹർജികൾ അടുത്ത മാസം 12 , 13 തീയതികളിൽ വാദം കേൾക്കുന്നതിനായി ബെഞ്ച് പട്ടികപ്പെടുത്തി.
65 ലക്ഷം പേർ മരിച്ചുപോയതിനാലോ മറ്റെവിടെയെങ്കിലും സ്ഥിരതാമസമായതിനാലോ ഫോമുകൾ സമർപ്പിച്ചിട്ടില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസ്താവന ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് കോടതിയിൽ ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതിന് ഈ വ്യക്തികൾ വീണ്ടും അപേക്ഷിക്കേണ്ടിവരുമെന്നു ഹർജിക്കാർ വ്യക്തമാക്കി.
എന്നാൽ, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് നിരീക്ഷിച്ച ജസ്റ്റീസ് സൂര്യകാന്ത്, ഹർജിക്കാരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് ഉറപ്പുനൽകി. വലിയ തരത്തിലുള്ള ഒഴിവാക്കലുകൾ ഉണ്ടായാൽ പരമോന്നത കോടതി എന്ന നിലയിൽ ഉടൻ ഇടപെടൽ ഉണ്ടാകുമെന്നും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ഹർജിക്കാരോട് വ്യക്തമാക്കി.
എസ്ഐആർ നടപ്പാക്കിയ ശേഷം ഓഗസ്റ്റ് ഒന്നിന് ബിഹാറിലെ വോട്ടർപട്ടിക പുറത്തിറക്കുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്. 65 ലക്ഷം പേർ എന്യുമറേഷൻ ഫോമുകൾ സമർപ്പിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വ്യാപകമായ ഒഴിവാക്കലല്ല, ഉൾപ്പെടുത്തലാണു വേണ്ടതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് വാക്കാൽ പറഞ്ഞിരുന്നു.