‘ഓപ്പറേഷൻ മഹാദേവ് ’സൗൈനികനീക്കം; പഹൽഗാം സൂത്രധാരനടക്കം മൂന്നു ഭീകരരെ വധിച്ചു
Tuesday, July 29, 2025 2:45 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ആസിഫ് എന്നറിയപ്പെടുന്ന സുലൈമാൻ അടക്കം മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ശ്രീനഗറിനു സമീപമുള്ള വനമേഖലയിൽ കരസേനയുടെ പാരാ കമാൻഡോകളാണ് ഭീകരരെ നേരിട്ടത്. ‘ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിലായിരുന്നു സൈനികനടപടി.
കഴിഞ്ഞ വർഷം ഏഴു പേർ കൊല്ലപ്പെട്ട സോനാമാർഗ് ടണൽ പദ്ധതി ആക്രമണത്തിൽ പങ്കാളിയായ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരും കൊല്ലപ്പെട്ടു. ഭീകരരുടെ മൃതദേഹങ്ങൾ ലോക്കൽ പോലീസിനു കൈമാറി.
ഹർവാനിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഒരു എം4 കാർബൈൻ റൈഫിൾ, രണ്ട് എകെ റൈഫിളുകൾ എന്നിവയടക്കമുള്ള ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു.
സുലൈമാനെക്കുറിച്ച് വിവരം നല്കുന്നവർക്ക് ജമ്മു കാഷ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പാക് സൈന്യത്തിന്റെ കമാൻഡോ വിഭാഗമായ സ്പെഷൽ സർവീസ് ഗ്രൂപ്പിൽ പ്രവർത്തിച്ച ശേഷമാണു സുലൈമാൻ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നത്. 2023ലാണ് ഇയാൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്.
പഹൽഗാമിലെ ബൈസരണിൽ 26 വിനോദസഞ്ചാരികളെയാണു ഭീകരർ നിഷ്ഠുരം കൊന്നൊടുക്കിയത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലുള്ള സൈനികനടപടിയിലൂടെ ഇന്ത്യ ഭീകരർക്കും പാക്കിസ്ഥാനും കനത്ത തിരിച്ചടി നല്കി.