സൗബിന് ആശ്വാസം ; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: ’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ നടനും സിനിമയുടെ നിർമാതാവുമായ സൗബിൻ ഷാഹിറിന് ആശ്വാസം.
സൗബിൻ ഉൾപ്പെടെ മൂന്നു പ്രതികൾക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. കേസ് സിവിൽ തർക്കമല്ലേയെന്നും ആർബിട്രേഷൻ നിലനിൽക്കുകയില്ലേ എന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചു.
ഇതോടെ ഹർജി പിൻവലിക്കുകയാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.സൗബിൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പരാതിക്കാരൻ സിറാജാണ് സുപ്രീംകോടതിയെ സമീപിച്ചത്.