മാലദ്വീപുമായി വ്യാപാര വിഷയങ്ങളിൽ മോദി ചർച്ച നടത്തി
Sunday, July 27, 2025 12:44 AM IST
മാലെ: ദ്വിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിൽനിന്നു മടങ്ങി. മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉൾപ്പെടെ പ്രമുഖരുമായി ചർച്ച നടത്തി.
ചരിത്രപരമായും നയതന്ത്രപരമായും ആഴത്തില്‍ വേരൂന്നിയ ബന്ധമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ളതെന്ന് സന്ദർശനത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തവികസനപങ്കാളിയാണ് ഇന്ത്യയെന്ന് മുഹമ്മദ് മുയിസു വ്യക്തമാക്കി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനയാണ് രണ്ടു നേതാക്കളുടെയും പ്രതികരണം.
വ്യാപാരം, പ്രതിരോധം, സമുദ്രമേഖലാ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മോദിയും മുയിസുവും ചര്‍ച്ച നടത്തി. മാലദ്വീപിന്റെ പ്രതിരോധ മേഖലയിലെ മികവ് വികസിപ്പിക്കുന്നതിനാവശ്യമായ പിന്തുണ ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടരുമെന്നും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ ഇരുരാജ്യങ്ങളുടെയും പൊതുലക്ഷ്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.