ശബരി റെയിൽപാത മരവിപ്പിച്ച നടപടി പിൻവലിച്ചതായി കേന്ദ്രം
സ്വന്തം ലേഖകൻ
Friday, July 25, 2025 5:16 AM IST
ന്യൂഡൽഹി: അങ്കമാലി-ശബരി റെയിൽപാത മരവിപ്പിച്ച നടപടി പൂർണമായും പിൻവലിച്ചതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരള സർക്കാരുമായി സഹകരിച്ചു പദ്ധതി ദ്രുതഗതിയിൽ പുനരാരംഭിക്കുന്നതിനും സുഗമമായ നടത്തിപ്പിനും കേന്ദ്രസംഘത്തെ ഉടൻ അയക്കുമെന്നും എംപിമാരായ ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി അറിയിച്ചു.
നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുറഹിമാനും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അങ്കമാലി- ശബരി റെയിൽപാതയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു. ജൂണ്‍ ആദ്യം നടന്ന കൂടിക്കാഴ്ചയിൽ ജൂലൈ ആദ്യം കേന്ദ്രസംഘം കേരളത്തിലെത്തി പഠനം നടത്തുമെന്നായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചത്.
111.48 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ എട്ടു കിലോമീറ്റർ ഭൂമിയേറ്റെടുക്കൽ മാത്രമാണു പൂർത്തിയായിരിക്കുന്നത്. ഇതിൽ കാലടി സ്റ്റേഷനും പെരിയാറിന്റെ കുറുകേ ഒരു പാലവും ഉൾപ്പെടെ അങ്കമാലിക്കും കാലടിക്കുമിടയിൽ ഏഴു കിലോമീറ്റർ നിർമാണവും നടന്നതാണ്.