ബിഹാറിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ
Friday, July 25, 2025 4:49 AM IST
ന്യൂഡൽഹി: സ്ഥിരമായി കുടിയേറിയവരെയും ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോയെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്ര പുനഃപരിശോധനയ്ക്കെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പരാമർശം.
സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്ന വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന നീതിയുക്തമായ തെരഞ്ഞെടുപ്പിനും ശക്തമായ ജനാധിപത്യസംവിധാനത്തിനും അടിത്തറ പാകും. അയോഗ്യരായ ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
അതേസമയം ബിഹാറിൽ വീടുതോറും കയറി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ പുനഃപരിശോധനയിൽ 52 ലക്ഷത്തിലധികം വോട്ടർമാർ അവരുടെ വിലാസങ്ങളിൽ ഇല്ലായിരുന്നുവെന്നും 18 ലക്ഷം പേർ മരിച്ചതായും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.