ഉപരാഷ്ട്രപതി: തെരഞ്ഞെടുപ്പിന് നടപടി തുടങ്ങി
Thursday, July 24, 2025 2:09 AM IST
ന്യൂഡൽഹി: രാജിവച്ച ജഗ്ദീപ് ധൻകറുടെ ഒഴിവിൽ പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാരംഭ നടപടി തുടങ്ങി. പരമാവധി രണ്ടു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രാരംഭ നടപടികൾ പൂർത്തീകരിച്ചാലുടൻ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉപരാഷ്ട്രപതിയുടെ രാജിയുണ്ടായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായോ കാലാവധി പൂർത്തിയാക്കിയോ മാത്രമാണു മുന്പ് എല്ലാ ഉപരാഷ്ട്രപതിമാരും സ്ഥാനമൊഴിഞ്ഞിട്ടുള്ളത്. അപമാനിതനായതിനാലാണു മണിക്കൂറുകൾ പോലും കാക്കാതെ ഉടൻ പ്രാബല്യത്തോടെ ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായതെന്നാണു സൂചന.
രാജ്യസഭയിലും പിന്നീടും വൈകുന്നേരം വരെ സജീവമായിരുന്ന ശേഷമാണ് ധൻകർ പെട്ടെന്നു രാജിവച്ചത്. തിങ്കളാഴ്ച രാത്രി ഒന്പതിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുൻകൂർ പരിപാടിയില്ലാതെ നേരിൽക്കണ്ടാണു രാജിക്കത്ത് നൽകിയത്. തൊട്ടടുത്തുള്ള ഉപരാഷ്ട്രപതിയുടെ വസതിയിൽ തിരിച്ചെത്തി പത്തു മിനിറ്റിനകം ഉടൻ പ്രാബല്യത്തോടെ രാജിവച്ചതായി അറിയിച്ച് ഔദ്യോഗിക എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു, ഔദ്യോഗിക വസതിയിൽനിന്നു കള്ളപ്പണം കണ്ടെത്തിയതിന്റെ പേരിൽ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റിയ ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ എംപിമാരുടെ പ്രമേയം രാജ്യസഭയിൽ പരിഗണിക്കാൻ അനുവദിച്ച നടപടിയാണു ധൻകറിനെ തെറിപ്പിക്കാൻ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരിനോട് ആലോചിക്കാതെ രാജ്യസഭാ ചെയർമാനെന്ന നിലയിൽ ധൻകർ എടുത്ത തീരുമാനം ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചു.
രാജ്യസഭയിലെ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ബിജെപി എംപിമാർ ഒപ്പുവച്ചിരുന്നില്ല. ലോക്സഭയിൽ ഇതേ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ബിജെപിയും കോണ്ഗ്രസും അടക്കമുള്ള എംപിമാർ ഒപ്പുവച്ചിരുന്നു. ജസ്റ്റീസ് വർമയെ പുറത്താക്കുന്നതിനുള്ള പ്രമേയത്തിന്റെ കാര്യത്തിൽ ബിജെപിയുടെ തന്ത്രം ധൻകറുടെ നടപടിയിൽ പൊളിഞ്ഞു.