പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ; അഞ്ചു വർഷത്തിനിടെ കേന്ദ്രത്തിനു ചെലവായത് 362 കോടി
Saturday, July 26, 2025 1:01 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രം ചെലവാക്കിയത് 362 കോടി രൂപയെന്നു കണക്ക്.
2025ൽ മാത്രം അഞ്ചു രാജ്യങ്ങളിലെ സന്ദർശനത്തിനായി കേന്ദ്രസർക്കാർ 67 കോടി രൂപയിലധികമാണു ചെലവാക്കിയത്. തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി നൽകിയ മറുപടിയിലാണു ഈ കണക്കുള്ളത്.
2025ൽ പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര ഫ്രാൻസിലേക്കുള്ളതായിരുന്നു. ഈ യാത്രയ്ക്ക് 25 കോടിയിലധികം രൂപ ചെലവായപ്പോൾ രണ്ടാമതുള്ള അമേരിക്കൻ യാത്രയ്ക്കു ചെലവായത് 16 കോടിയിലധികം രൂപയാണ്.`
കഴിഞ്ഞ ജൂണ്‍ മുതൽ മോദി നടത്തിയ വിദേശയാത്രകളുടെ ചെലവുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂവെന്നും കേന്ദ്രം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2022 മേയ് മുതൽ 2024 ഡിസംബർ വരെയുള്ള 32 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശയാത്രകളാണെന്ന് കേന്ദ്രം കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിൽ അറിയിച്ചിരുന്നു.