കോണ്‍ഗ്രസിന്റെ ആവശ്യം സർക്കാർ തള്ളി; ധൻകറിനു യാത്രയയപ്പില്ല
ജോർജ് കള്ളിവയലിൽ
Friday, July 25, 2025 4:49 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയെക്കുറിച്ച് പാർലമെന്റിൽ അടുത്തയാഴ്ച ചർച്ച നടക്കും. ലോക്സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയും 16 മണിക്കൂർ വീതം ചർച്ചയ്ക്കു കേന്ദ്രസർക്കാർ സമ്മതിച്ചതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യയാഴ്ചയിലെ തുടർസ്തംഭനത്തിന് വിരാമമാകും.
ഓപ്പറേഷൻ സിന്ദൂറിനെ സർക്കാരിന്റെ നേട്ടമാക്കി അവതരിപ്പിക്കുന്നതിന് രണ്ടു ദിവസം നീളുന്ന ഇരുസഭകളിലെയും ചർച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ മറുപടി വേണമെന്ന് ഇന്നലെ കാര്യോപദേശക സമിതി യോഗത്തിൽ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാലു ദിവസത്തെ യുകെ, മാലദ്വീപ് സന്ദർശനം കഴിഞ്ഞു മോദി തിരിച്ചെത്തേണ്ടതിനാലാണു ചർച്ച തിങ്കളാഴ്ചത്തേക്കു നീട്ടിയതെന്നാണു വിശദീകരണം. എന്നാൽ, ബിഹാർ വോട്ടർപട്ടിക പുതുക്കൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് കേന്ദ്രം ഇനിയും സമ്മതമോ സമയമോ നൽകിയിട്ടില്ല.
രാജിവച്ച രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിന് യാത്രയയപ്പും മറുപടിപ്രസംഗവും നടത്താൻ അനുവദിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ബിജെപി സർക്കാർ തള്ളി. വിരമിച്ച ഏഴ് എംപിമാർക്കു മാത്രമായി രാജ്യസഭ ഇന്നലെ യാത്രയയപ്പ് നൽകുകയും ചെയ്തു. ഇതോടെ, ധൻകറും ബിജെപി നേതൃത്വവും കേന്ദ്രസർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി. മോദിയുടെയും അമിത് ഷായുടെയും അനിഷ്ടത്തിനു പാത്രമായ ധൻകറിന് എക്സിലോ ഫോണിലോ നേരിട്ടോ ആശംസകൾ നേരാൻപോലും മന്ത്രിമാരും ബിജെപി നേതാക്കളും തയാറായില്ല.
കേന്ദ്രസർക്കാരിനും ബിജെപിക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന ധൻകറിനെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണു ബിജെപി നേതാക്കളും മന്ത്രിമാരും തികച്ചും അനഭിമതനാക്കിയത്. കേന്ദ്രസർക്കാരിന്റെ ഇംഗിതത്തിനു വഴങ്ങാതെ ആരോപണവിധേയനായ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപിച്ച്മെന്റ് പ്രമേയം രാജ്യസഭയിൽ പരിഗണിക്കാനുള്ള ധൻകറുടെ തീരുമാനമാണ് അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അനഭിമതനാക്കിയതെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് കേന്ദ്ര നടപടി.
ഇതിനിടെ, ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മറവിൽ ലക്ഷക്കണക്കിനാളുകളെ പട്ടികയിൽനിന്നു നീക്കുന്ന വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം എംപിമാർ ഉയർത്തിയ പ്രതിഷേധത്തിൽ തുടർച്ചയായ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പാർലമെന്റിനു പുറത്ത് പ്രതിപക്ഷ എംപിമാർ നടത്തിയ ധർണയിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ പങ്കെടുത്തു.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾ സ്പീക്കർ ഓം ബിർളയും രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷും ഇന്നലെയും തള്ളി. ഇതേത്തുടർന്ന് പ്രതിപക്ഷ എംപിമാർ പ്ലക്കാർഡുകൾ പിടിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഇരുസഭകളും നിർത്തിവച്ചു. പ്ലക്കാർഡുകൾ ഉയർത്തരുതെന്ന സ്പീക്കറുടെ അഭ്യർഥന പ്രതിപക്ഷം തള്ളി. ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ചർച്ചയാവശ്യപ്പെട്ടു ബഹളംവച്ചതോടെ ഇന്നു രാവിലെ വീണ്ടും ചേരുന്നതുവരെ പിരിയുന്നതായി അധ്യക്ഷൻ അറിയിച്ചു.