തരൂരിന്റെ ‘മാംഗോ ഡിപ്ലോമസി’: കോണ്‍ഗ്രസ് എംപിമാരെത്തി
പ്രത്യേക ലേഖകൻ
Friday, July 25, 2025 4:49 AM IST
ന്യൂഡൽഹി: ഇന്ത്യൻ മാങ്ങകളുടെ വൈവിധ്യവും മധുരമൂറും രുചിയും ചിലയിനങ്ങളിലെ കമർപ്പുംപോലെയാണു ഡോ. ശശി തരൂർ എന്നായിരുന്നു തരൂരിന്റെ വീട്ടിൽ നടന്ന സൽക്കാരത്തിനിടെ ഒരു എംപിയുടെ കമന്റ്.
തരൂരിന്റെ ഡൽഹിയിലെ വസതിയിൽ വർഷംതോറും നടത്തിവരുന്ന ‘മാംഗോ ആൻഡ് ചാട്ട് പാർട്ടി’ക്കായി എത്തിയപ്പോഴായിരുന്നു രസകരവും എന്നാൽ രാഷ്ട്രീയ അർഥങ്ങളുമുള്ള ഈ തമാശ. തരൂരിന്റെ മാങ്ങാപ്പഴം നയതന്ത്രത്തിന് (മാംഗോ ഡിപ്ലോമസി) കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ബിജെപിയുടെയും എംപിമാരെത്തിയതും കൗതുകമായി.
‘ഓപ്പറേഷൻ സിന്ദൂറി’നെത്തുടർന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദേശ ദൗത്യസംഘത്തെ നയിച്ചതും മോദി പ്രശംസകളും കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിനു നീരസവും വിയോജിപ്പുകളും തുടരുന്നതിനിടെയാണ് ഈ വർഷം തരൂർ മാമ്പഴ പാർട്ടി സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് എംപിമാരായ ബെന്നി ബെഹനാൻ, കാർത്തി ചിദംബരം, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, സഖ്യകക്ഷി എംപിമാരായ ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂൽ കോണ്‍ഗ്രസിലെ മഹുവ മൊയ്ത്ര, ശിവസേനയിലെ പ്രിയങ്ക ചതുർവേദി, മിലിന്ദ് ദേവ്റ, ഡിഎംകെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ എന്നിവരും ബിജെപി നേതാവും എംപിയുമായ സുദാൻഷു ത്രിവേദി, സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയവരും തരൂരിന്റെ വീട്ടിലെ മാംഗോ പാർട്ടിക്കെത്തി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ, മുതിർന്ന പത്രപ്രവർത്തകർ തുടങ്ങിയവരും മാംഗോ ആൻഡ് ചാർട്ട് പാർട്ടിയിൽ പങ്കെടുത്തു.
എന്നാൽ, കോണ്‍ഗ്രസിലെ മുതിർന്ന പല നേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. തുടർച്ചയായ പാർലമെന്റ് സ്തംഭനം അടക്കമുള്ള കാരണങ്ങളാൽ മുതിർന്ന പല നേതാക്കളും ഇന്നലെ ഡൽഹിയിലുണ്ടായിരുന്നില്ല എന്നതിനാലാണ് എല്ലാവർഷവും മാങ്ങാപ്പഴം കഴിക്കാനെത്തിയിരുന്ന പലർക്കും എത്താൻ കഴിയാതിരുന്നതെന്ന് ഒരു നേതാവ് വിശദീകരിച്ചു.
കോണ്‍ഗ്രസ് എംപിമാരും തരൂരും തമ്മിൽ ചർച്ച നടത്തിയതും ശ്രദ്ധേയമായി. പാർട്ടി വിടാൻ ഉദ്ദേശ്യമില്ലെന്ന തരൂരിന്റെ നിലപാടുകൾ വിശ്വസനീയമായി തോന്നിയെന്നു ചർച്ചയ്ക്കുശേഷം ഒരു എംപി പറഞ്ഞു. തരൂരിനെ ബഹിഷ്കരിക്കുമെന്ന തരത്തിൽ കേരളത്തിലെ ചില നേതാക്കൾ പ്രസ്താവന നടത്തുന്നതിനിടെയാണ് കേരളത്തിൽനിന്നുള്ള എംപിമാർ തരൂരിന്റെ വസതിയിലെത്തിയത്.