വനിതാ ചെസ് ലോകകപ്പ് ചെസ് ഫൈനല്‍ ഇന്നു മുതല്‍
Saturday, July 26, 2025 1:24 AM IST
ബറ്റുമി (ജോര്‍ജിയ): ലോക ചെസ് ബോര്‍ഡില്‍ വീണ്ടും തലയുയര്‍ത്തി ഇന്ത്യ. 2024 പുരുഷ-വനിതാ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം, 2024 പുരുഷ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷ് ജേതാവായത്, 2023 പുരുഷ ചെസ് ലോകകപ്പില്‍ ആര്. പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചതും ടാറ്റ സ്റ്റീല്‍ ജയിച്ചതുമെല്ലാമായി കരുനീക്കത്തില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലാണ്.
ഈ നേട്ടങ്ങള്ക്കൊപ്പമിതാ, 2025 വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ ചരിത്രത്തില്‍ ആദ്യമായി ഓള് ഇന്ത്യ ഫൈനല്‍. ഇന്ത്യയുടെ കൗമാര വിസ്മയും ദിവ്യ ദേശ്മുഖും ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപിയും ചെസ് ലോകകപ്പ് ട്രോഫിക്കായി ഇന്നു മുതല്‍ കൊമ്പുകോര്‍ക്കും.
ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം എത്തുന്നത്. സെമിയില്‍ ജയം ആദ്യം സ്വന്തമാക്കിയ 19കാരിയായ ദിവ്യ ദേശ്മുഖിന് ഈ ചരിത്രം സ്വന്തം. പിന്നാലെ ടൈബ്രേക്കറിലൂടെ സെമി ജയിച്ച് കൊനേരു ഹംപിയും എത്തിയതോടെ ഫൈനല്‍ പൂര്‍ണമായി ഇന്ത്യയുടെ കൈക്കുള്ളില്‍.
ഇന്നു മുതല്‍ ഫൈനല്‍
ജോര്‍ജിയയിലെ ബറ്റുമിയിലാണ് 2025 വനിതാ ചെസ് ലോകകപ്പ് അരങ്ങേറുന്നത്. ഇന്നും നാളെയുമായി രണ്ട് റൗണ്ട് ഫൈനല്‍ പോരാട്ടം അരങ്ങേറും. സമനിലയാണ് ഫലമെങ്കില്‍ 28നു ടൈബ്രേക്കര്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക.
ചൈനയുടെ ലോക നാലാം നമ്പര്‍ താരമായ ടാന്‍ സോങ് യിയെ സെമിയില്‍ 1.5-0.5ന് അട്ടിമറിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലില്‍ പ്രവേശിച്ചത്. ടോപ് സീഡായ ചൈനയുടെ ലീ ടിംഗ്ജിയെ മലര്‍ത്തിയടിച്ച് കൊനേരു ഹംപിയും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. സെമിയില്‍ സമനില പാലിച്ചതോടെ ടൈബ്രേക്കറിലൂടെ 5-3നായിരുന്നു കൊനേരു ഹംപിയുടെ ജയം.
ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചതോടെ ദിവ്യയും ഹംപിയും 2026 ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനും യോഗ്യത സ്വന്തമാക്കി.
കൊനേരു ഗ്രാന്ഡ്മാസ്റ്ററായപ്പോള് ദിവ്യ ജനിച്ചിട്ടില്ല..!
ചെസ് ബോര്‍ഡിലെ പ്രതിഭയ്ക്കുള്ള ഏറ്റവും പരമോന്നത അംഗീകാരമായ ഗ്രാന്‍ഡ്മാസ്റ്റര്‍ (ജിഎം) പദവി 15-ാം വയസില്‍ സ്വന്തമാക്കിയ താരമാണ് 38കാരിയായ കൊനേരു ഹംപി.
ആന്ധ്രപ്രദേശുകാരിയായ ഹംപി, 2002ല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയതിനും മൂന്നു വര്‍ഷത്തിനുശേഷമാണ് (2005) ദിവ്യ ദേശ്മുഖ് ജനിച്ചത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ഹംപി.
ഇന്റര്‍നാഷണല്‍ മാസ്റ്ററായ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്കരികിലാണെന്നതും ശ്രദ്ധേയം. ഇതുവരെ മൂന്ന് ഇന്ത്യന്‍ വനിതകള്‍ക്കുമാത്രമേ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിച്ചിട്ടുള്ളൂ. കൊനേരു ഹംപിക്കു പുറമേ ഹരിക ദ്രോണവല്ലി (2011), ആര്. വൈശാലി (2023) എന്നിവരാണ് ഈ പദവി സ്വന്തമാക്കിയത്. 19കാരിയായ ദിവ്യ നാഗ്പുര്‍ സ്വദേശിയാണ്.
ഫൈനല്‍ നടക്കുക ഇങ്ങനെ; സമ്മാനത്തുക 85k ഡോളർ
ബറ്റുമി (ജോര്‍ജിയ): ഇന്നും നാളെയുമായി രണ്ട് ക്ലാസിക്കല്‍ ഗെയിമായാണ് ഫൈനല്‍. ഇരുതാരങ്ങള്‍ക്കും ആദ്യ 40 നീക്കത്തിന് 90 മിനിറ്റ് ലഭിക്കും. തുടര്‍ന്ന് 30 മിനിറ്റാണ് ബാക്കിയുള്ള മത്സര സമയം. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് ഇന്ക്രിമെന്റുണ്ട്.
ടൈബ്രേക്കര്‍ 10 മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്ക്രിമെന്റുണ്ട്. രണ്ട് റാപ്പിഡ് ഗെയിമിനുശേഷവും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള, മൂന്ന് സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള രണ്ട് മത്സരംകൂടി നടത്തും. അവിടെയും സമനിലയാണെങ്കില്‍ മൂന്നു മിനിറ്റിന്റെ രണ്ട് ബ്ലിറ്റ്സ്. തുടര്‍ന്ന് ജേതാക്കളെ നിശ്ചയിക്കുന്നതുവരെ 3+2 ബ്ലിറ്റ്സ് മത്സരം അരങ്ങേറും.
50,000 ഡോളറാണ് (43.22 ലക്ഷം രൂപ) ഫൈനല്‍ ജേതാവിനുള്ള സമ്മാനത്തുക. റണ്ണറപ്പിന് 35,000 ഡോളര്‍ (30.26 ലക്ഷം രൂപ).