കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും സെമിയില്‍
Tuesday, July 22, 2025 2:22 AM IST
ബാതുമി (ജോർജിയ): എഫ്ഐഡിഇ വനിത ചെസ് ലോകകപ്പ് സെമി ഫൈനലിൽ കടന്ന് കൊനേരു ഹംപി. ചൈനയുടെ യുക്സിൻ സോങിനെ പിന്തള്ളി സെമിയിൽ കടന്ന കൊനേരു ഹംപി ഈ ചരിത്രം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
2023 സീസണിൽ ഹരിക ദ്രോണവല്ലി ക്വാർട്ടർ ഫൈനലിൽ കടന്നതായിരുന്നു ഇതിനു മുന്‍പ് ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ക്വാർട്ടറിലെ ആദ്യ മൽസരം വിജയിച്ച ഹംപി രണ്ടാം മത്സരത്തിൽ സോങ്ങിനെ സമനിലയിൽ (1.50.5) തളച്ചാണ് സെമിയിൽ കടന്നത്.
ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരിത ദ്രോണവല്ലിയും തമ്മിൽ നടന്ന രണ്ടു കളികളും സമനിലയായി. ഇതോടെ ടൈബ്രേക്കർ വിജയിയെ നിർണയിച്ച മത്സരത്തിൽ 19കാരിയായ ദിവ്യ ദേശ്മുഖ് തുടർച്ചയായ ഗെയിമുകളിൽ സീനിയർ താരമായ ഹരിതയെ പരാജയപ്പെടുത്തി സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കി.
ദിവ്യയുടെ ജയത്തോടെ രണ്ട് ഇന്ത്യൻ താരങ്ങൾ സെമിയിലെത്തി. ചൈനയുടെ ടാൻ സോങ്യയാണ് സെമിയിൽ ദിവ്യയുടെ എതിരാളി.
ക്വാർട്ടറിൽ ഇന്ത്യൻ താരമായ ആർ. വൈശാലി മുൻ ലോകചാന്പ്യൻ ചൈനയുടെ ടാൻ സോങ്കിയോട് കീഴടങ്ങി (1.50.5). നാന ഡാഗ്നിദ്സെയെ പരാജയപ്പെടുത്തി ലീ ടിങ്ജിയും സെമിയിൽ കടന്നു.