റൂട്ട് ഒന്നില്‍ തിരിച്ചെത്തി
Thursday, July 17, 2025 2:04 AM IST
ലണ്ടന്‍: പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റര്‍മാരുടെ ലോക റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യക്ക് എതിരായ ലോഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും (104) രണ്ടാം ഇന്നിംഗ്സില്‍ 40ഉം നേടിയതാണ് റൂട്ടിനെ ഒന്നാം നമ്പറില്‍ തിരിച്ചെത്തിച്ചത്.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തിലൂടെ ഒന്നിലെത്തിയ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് മൂന്നിലേക്ക് ഇറങ്ങി. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ് ഒരു സ്ഥാനം മുന്നേറി രണ്ടിലെത്തി.
ഇന്ത്യക്കാര്‍ പിന്നോട്ട്
ആദ്യ പത്ത് റാങ്കിനുള്ളിലെ ഇന്ത്യന്‍ താരങ്ങള്‍ക്കു സ്ഥാന നഷ്ടം നേരിട്ടു. യശസ്വി ജയ്സ്വാള്‍ നാലില്‍നിന്ന് അഞ്ചിലേക്കും ഋഷഭ് പന്ത് ഏഴില്‍നിന്ന് എട്ടിലേക്കും ശുഭ്മാന്‍ ഗില്‍ ആറില്‍നിന്ന് ഒമ്പതിലേക്കും ഇറങ്ങി. ലോഡ്സില്‍ സെഞ്ചുറി നേടിയ കെ.എല്‍. രാഹുലും അര്‍ധസെഞ്ചുറിയുമായി പോരാടിയ രവീന്ദ്ര ജഡേജയും അഞ്ച് സ്ഥാനം വീതം മുന്നേറി 34ലും 35ലും എത്തി.
ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഹാട്രിക് നേടിയ ഓസീസ് പേസര്‍ സ്കോട്ട് ബോലണ്ട് ആറില്‍ എത്തി. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു.