യെസ് ജീ...
Friday, July 11, 2025 2:50 AM IST
ഈസ്റ്റ് റൂഥര്‍ഫോഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ മറ്റൊരു സൂപ്പര്‍ കിരീടം ലക്ഷ്യമാക്കി ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്റെ (പിഎസ്ജി) കുതിപ്പ്.
ക്ലബ് ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ (5) സ്വന്തമാക്കിയ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ സെമിയില്‍ കശക്കിയെറിഞ്ഞ് പിഎസ്ജി ഫൈനലിലേക്കു കുതിച്ചു.
മറുപടിയില്ലാത്ത നാലു ഗോളിനാണ് പിഎസ്ജിയുടെ സെമി ജയം. ബ്രസീല്‍ ക്ലബ്ബായ ഫ്ളുമിനെന്‍സിനെ 0-2നു തോല്‍പ്പിച്ച ഇംഗ്ലീഷ് ക്ലബ് ചെല്‍സിയാണ് ഫൈനലില്‍ പിഎസ്ജിയുടെ എതിരാളി. ഇന്ത്യന്‍ സമയം ഞായര്‍ അര്‍ധരാത്രി 12.30നാണ് പിഎസ്ജി x ചെല്‍സി ഫൈനല്‍.
റൂയിസ് + ഡെംബെലെ
ഫാബിയന്‍ റൂയിസും ഉസ്മാന് ഡെംബെലെയും ചേര്‍ന്നാണ് പിഎസ്ജിക്കു മിന്നും ജയം സമ്മാനിച്ചത്. ഫാബിയന്‍ റൂയിസ് (6’, 24’) ഇരട്ടഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഡെംബെലെ ഒരു ഗോള്‍ (9’’) നേടുകയും റൂയിസിന്റെ ആദ്യ ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
ജോട്ടയെ സ്മരിച്ച് റാമോസ്
റയല്‍ മാഡ്രിഡിനെതിരേ പിഎസ്ജിയുടെ നാലാം ഗോള്‍ സ്വന്തമാക്കിയത് പോര്‍ച്ചുഗീസ് താരം ഗോണ്‍സാലോ റാമോസ്. 87-ാം മിനിറ്റിലായിരുന്നു റാമോസിന്റെ ഗോള്‍. ഗോള്‍ നേടിയശേഷം ഡിയോഗോ ജോട്ടയുടെ ആഹ്ലാദപ്രകടനംപോലെ, മൈതാനത്ത് ചമ്രംപടിഞ്ഞിരുന്ന റാമോസ് ആകാശത്തേക്കു കൈകള്‍ ഉയര്‍ത്തി ജോട്ടയ്ക്കു ഗോള്‍ സമര്‍പ്പിച്ചു.
ഈ മാസം മൂന്നിനുണ്ടായ കാറപകടത്തിലാണ് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരമായ ഡിയോഗോ ജോട്ട (28) അന്തരിച്ചത്. ജോട്ടയും റാമോസും പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ സഹതാരങ്ങളായിരുന്നു.