ഇന്ത്യൻ ടീമിനായി ബിസിസിഐക്ക് സ്പോൺസറെ വേണം...
Tuesday, August 26, 2025 2:32 AM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്സി സ്പോണ്‍സറെ തേടി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ).
പണംവച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾക്ക് കേന്ദ്ര ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന് നിലവിലെ സ്പോണ്‍സർമാരായ ഡ്രീം ഇലവൻ പിൻമാറുന്നതായി ബിസിസിഐയെ അറിയിച്ചു. തുടർന്നാണ് പകരക്കാർക്കായി ബിസിസിഐ അന്വേഷണം ആരംഭിച്ചത്.
സെപ്റ്റംബർ 14ന് ഏഷ്യ കപ്പും തുടർന്ന് വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റും വരുന്ന സാഹചര്യത്തിൽ ടൂർണമെന്റിന് മുന്‍പ് സ്പോണ്‍സറെ കണ്ടെത്തുകയാണ് ബിസിസിഐക്ക് മുന്നിലുള്ള വെല്ലുവിളി.
ഡ്രീം ഇലവൻ ഭാരവാഹികൾ സ്പോണ്‍സർഷിപ്പിൽനിന്ന് പിന്മാറുന്നതായി ബോർഡ് ഓഫീസിൽ നേരിട്ടെത്തി വ്യക്തമാക്കി. ഏഷ്യ കപ്പിന് അധിക സമയമില്ലെന്നിരിക്കേ പുതിയ സ്പോണ്‍സർക്കായുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബിസിസിഐ പ്രതിനിധികൾ അറിയിച്ചു.
കാലാവധി അവസാനിക്കും മുന്‍പാണ് ഡ്രീം11 പിൻവാങ്ങുന്നതെങ്കിലും പിഴ ഈടാക്കില്ല. സ്പോണ്‍സറുടെ പ്രധാന ബിസിനസിനെ സർക്കാർ കൊണ്ടുവരുന്ന ഏതെങ്കിലും നിയമം ബാധിച്ച് പിന്മാറേണ്ടി വന്നാൽ ബിസിസിഐക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരല്ല എന്ന് കരാറിൽ വ്യവസ്ഥയുണ്ട്.
എട്ട് ബില്യണ്‍ ഡോളർ മൂല്യമുള്ള ഡ്രീം11 രാജ്യത്തെ ഏറ്റവും വലിയ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമാണ്. 2023 ജൂലൈയിൽ എഡുടെക് പ്ലാറ്റ്ഫോമായ ബൈജൂസിന് പകരം ബിസിസിഐയുടെ മുഖ്യ സ്പോണ്‍സറാകാൻ 358 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറാണ് ഡ്രീം11 സ്വന്തമാക്കിയത്.
പാർലമെന്റിൽ ബിൽ പാസാക്കിയതിനെത്തുടർന്ന് ഡ്രീം11 തങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാ പണമടച്ചുള്ള മത്സരങ്ങളും താത്ക്കാലികമായി നിർത്തിവച്ചതായും സൗജന്യമായി കളിക്കാവുന്ന ഗെയിമുകൾ മാത്രമേ ലഭ്യമാകൂവെന്നും പ്രഖ്യാപിച്ചിരുന്നു.
വിദേശ ലീഗുകളിലും ഡ്രീം 11 സാന്നിധ്യമറിയിച്ചതാണ്. കരീബിയൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഫാന്റസി പങ്കാളിയും സൂപ്പർ സ്മാഷിന്റെ ടൈറ്റിൽ സ്പോണ്‍സറുമാണ് അവർ. ഓസ്ട്രേലിയൻ ആഭ്യന്തര ട്വന്റി-20 മത്സരങ്ങളിലും ബിഗ് ബാഷ് ലീഗിലും വനിതാ ബിഗ് ബാഷ് ലീഗിലും ഡ്രീം ഇലവന് സാന്നിധ്യമുണ്ട്.