കൊല്ലം കൊള്ളാം...
Tuesday, August 26, 2025 2:32 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: വിഷ്ണു വിനോദിന്റെ ബാറ്റില്‍നിന്നും സിക്സും ഫോറും കൊത്തൊഴുക്കായപ്പോള് തൃശൂര്‍ ടൈറ്റന്‍സിന്റെ ബൗളമാര്‍ക്ക് ഉത്തരമില്ലാതായി. അതോടെ ഏരീസ് കൊല്ലം സെയ്ലേഴ്സ് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ് രണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തിന്റെ രണ്ടാം ജയം. 37 പന്തില്‍ എട്ടു സിക്സും ഏഴു ഫോറും ഉള്‍പ്പെടെ 86 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കൊല്ലത്തെ ജയത്തിലെത്തിച്ചത്, പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും വിഷ്ണുവിനുതന്നെ.
സ്കോര്‍: തൃശൂര്‍ ടൈറ്റന്‍സ് 19.5 ഓവറില്‍ 144. ഏരീസ് കൊല്ലം സെയ്ലേഴ്സ് 14.1 ഓവറില്‍ രണ്ടിന് 150.
വിഷ്ണു-സച്ചിന്
145 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ കൊല്ലത്തിന് സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് ഉള്ളപ്പോള്‍ ഓപ്പണര്‍ അഭിഷേക് നായരെ (2) നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ അഭിഷേക് ബൗള്‍ഡാകുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റനും കൊല്ലത്തിന്റെ ബാറ്റിംഗ് കുന്തമുനയുമായ സച്ചിന് ബേബിയുമായി ചേര്‍ന്ന് വിഷ്ണു വിനോദ് ടീമിനെ ശക്തമായ നിലയിലെത്തിച്ചു.
ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 10-ാം ഓവറിന്റെ അവസാന പന്തില്‍ വിഷ്ണു വിനോദ് പുറത്താകുമ്പോള്‍ കൊല്ലത്തിന്റെ സ്കോര്‍ 107ല്‍ എത്തിയിരുന്നു. പിന്നീടെത്തിയ എം. സജീവന് അഖിലുമായി (13 പന്തില്‍ 19 നോട്ടൗട്ട്) ചേര്‍ന്ന് സച്ചിന് ബേബി (28 പന്തില്‍ 32 നോട്ടൗട്ട്) ടീമിനെ ജയത്തിലെത്തിച്ചു. 15-ാം ഓവറിന്റെ ആദ്യപന്ത് സിക്സര്‍ പറത്തിയാണ് സച്ചിന് ബേബി വിജയ റണ്‍ കുറിച്ചത്.
അജയഘോഷിന്റെ വേട്ട
ടോസ് നേടിയ കൊല്ലം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദ് ഇമ്രാന്-ആനന്ദ് കൃഷ്ണ് ഓപ്പണിംഗ് കൂട്ടുകെട്ട് 3.5 ഓവറില്‍ 30 റണ്‍സ് നേടി. ഷറഫുദ്ദീന്റെ പന്തില്‍ അഹമ്മദ് ഇമ്രാനെ (14 പന്തില്‍ 16) വിഷ്ണു വിനോദ് ക്യാച്ചെടുത്തു പുറത്താക്കി.
തുടര്‍ന്നെത്തിയ ഷോണ്‍ റോജറിനും (6 പന്തില്‍ 11) ശോഭിക്കാനായില്ല. ഇതോടെ തൃശൂരിന്റെ സ്കോറിംഗ് മന്ദഗതിയിലായി. അക്ഷയ് മനോഹറുമായി ചേര്‍ന്ന് ആനന്ദ് കൃഷ്ണന് ടീം സ്കോര്‍ 85ല്‍ എത്തിച്ചു. ടീമിന്റെ ടോപ് സ്കോററായ ആനന്ദ് കൃഷ്ണനെ (38 പന്തില്‍ 41) എ.ജി. അമല്‍ പുറത്താക്കി.
എ.കെ. അര്ജുന് (2), ക്യാപ്റ്റന്‍ സിജോമോന്‍ (9), വിഷ്ണു മേനോന് (4), സി.വി. വിനോദ്കുമാര്‍ (13), നിധീഷ് (9), ആനന്ദ് ജോസഫ് (0) എന്നിവര്‍ വന്നതും പോയതും വേഗത്തില്‍. അതോടെ തൃശൂര്‍ ടൈറ്റന്‍സ് 144നു പുറത്ത്. കൊല്ലത്തിന്റെ എന്‍.എസ്. അജയഘോഷ് 3.5 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.