കൊച്ചി ബ്ലൂ ടൈഗേഴ്സിന് അനായാസ ജയം
Friday, August 22, 2025 1:02 AM IST
കാര്യവട്ടം: കെസിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടനദിനമായ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് അനായാസ ജയം. ട്രിവാൻഡ്രം റോയൽസിനെ എട്ട് വിക്കറ്റിന് കൊച്ചി ബ്ലൂ ടൈഗേഴ്സ് തകർത്തു.
സ്കോർ: അദാനി ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 97. കൊച്ചി ബ്ലൂ ടൈഗേഴ്സ് 11.5 ഓവറിൽ 99/2. കൊച്ചിക്കായി ക്യാപ്റ്റൻ സാലി സാംസണ് 30 പന്തിൽ 50 റണ്‍സുമായും മുഹമ്മദ് ഷാനു 20 പന്തിൽ 23 റണ്‍സുമായും പുറത്താകാതെ നിന്നു. വിനൂപ് മനോഹരൻ (14), ജോബിൻ ജോബി (8) എന്നിവരുടെ വിക്കറ്റാണ് കൊച്ചിക്ക് നഷ്ടപ്പെട്ടത്.
ടോസ് നേടിയ കൊച്ചി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന്റെ ചേട്ടന് സാലിയാണ് കൊച്ചിയുടെ നായകന്. സ്കോര്‍ബോര്‍ഡ് ചലിക്കും മുമ്പേ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യവിക്കറ്റ് നഷ്ടമായി.
ക്യാപ്റ്റന്‍ സാലി സൈമണ്‍ എറിഞ്ഞ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ ശ്രമിച്ച ഓപ്പണര്‍ എസ്. സുബിനെ സഞ്ജു സാംസണ് റണ്ണൗട്ടാക്കി. കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രത്തിന്റെ കരുത്തായിരുന്ന അബ്ദുള്‍ ബാസിത് ചില മികച്ച ഷോട്ടുകള്‍ കാഴ്ച്ചവെച്ചു.
16 പന്തില്‍ 17 റണ്‍സ് നേടിയ ബാസിതിനെ മുഹമ്മദ് ആഷിക്, ആല്‍ഫി ഫ്രാന്‍സീസിന്റെ കൈയിലെത്തിച്ചു. 32 പന്തില്‍ 28 റണ്‍സ് നേടിയ അഭിജിത് പ്രവീണും 20 പന്തില്‍ 20 റണ്‍സ് നേടിയ ബേസില്‍ തമ്പിയുമായിരുന്നു ട്രിവാന്‍ഡ്രത്തിന്റെ ടോപ് സ്കോറര്‍മാര്‍.
കൊച്ചിക്കായി അഖിന് സത്താര്‍ 13 റണ്‍സ് വഴങ്ങിയും മുഹമ്മദ് ആഷിക് 14 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.