കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 പോരാട്ടത്തിന്റെ രണ്ടാം പതിപ്പിന്റെ ആരവം 21 മുതൽ തുടങ്ങും...
Monday, August 18, 2025 1:25 AM IST
കിരീടം നിലനിർത്താൻ കൊല്ലം
പ്രഥമ കെസിഎല്ലിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിന് ഒരു ലക്ഷ്യം മാത്രം, കിരീടം നിലനിര്‍ത്തുക. 2024 സീസണില്‍ ടീമിന്റെ കിരീട നേട്ടത്തില്‍ പങ്കുവഹിച്ച താരങ്ങളെയെല്ലാം നിലനിര്‍ത്തി. കിരീടം നേടിയ ക്യാപ്റ്റന്‍ സച്ചിന് ബേബി തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുക.

രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 528 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന് ബേബിയായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍. അഭിഷേക് ജെ. നായരും വത്സല്‍ ഗോവിന്ദുമായിരുന്നു റണ്‍വേട്ടയില്‍ സച്ചിന് പിന്നില്‍. ഇവര്‍ക്കൊപ്പം വിഷ്ണു വിനോദിനെയും എം.എസ്. അഖിലിനെയും കൂടി ടീമിലെത്തിച്ചതോടെ ബാറ്റിംഗ് കൂടുതല്‍ കരുത്തുറ്റതായി. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു വിനോദ്. ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും അടക്കം 438 റണ്‍സായിരുന്നു വിഷ്ണു അടിച്ചുകൂട്ടിയത്.
19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രധാന വിക്കറ്റു വേട്ടക്കാര്‍. മോനിഷ് സതീഷാണ് ടീമിന്റെ മുഖ്യപരിശീലകന്‍.
ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), എന്‍.എം. ഷറഫുദ്ദീന്, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, അഭിഷേക് ജെ. നായര്‍, എം.എസ്. അഖില്‍, ബിജു നാരായണന്, വിജയ് വിശ്വനാഥ്, രാഹുല്‍ ശര്‍മ, അതുല്‍ജിത് അനു, എ.ജി. അമല്‍, ആഷിക് മുഹമ്മദ്, പി.എസ്. സച്ചിന്, എന്‍.എസ്. അജയ്ഘോഷ്, പവന് രാജ്, ജോസ് പെരയില്, ഏദന്‍ ആപ്പിള്‍ ടോം, ഭരത് സൂര്യ.
സഞ്ജുവിന്റെ കൊച്ചി
ഇന്ത്യന്‍ താരം സഞ്ജു വി. സാംസണിനെ എത്തിച്ച ഹൈപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ പ്രഥമ കെസിഎല്‍ സീസണ്. 28.6 ലക്ഷം രൂപ എന്ന റിക്കാര്‍ഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി സ്വന്തമാക്കിയത്. സഞ്ജുവിന്റെ ചേട്ടന് സാലിയാണ് ടീം ക്യാപ്റ്റന്‍. തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങളും മികച്ച ഓള് റൗണ്ടര്‍മാരുമാണ് ടീമിന്റെ കരുത്ത്.

കഴിഞ്ഞ തവണ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോററായ ജോബിന് ജോബി ഇത്തവണയുമുണ്ട്. നിഖില്‍ തോട്ടത്ത്, വിപുല്‍ ശക്തി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ തുടങ്ങിയവര്‍ ബാറ്റിംഗ് നിരയിലുണ്ട്. വിനൂപ് മനോഹരന്, കെ.ജെ. രാകേഷ്, പി.എസ്. ജെറിന്, കെ.ജി. അഖില്‍, മുഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓള് റൗണ്ടര്‍മാര്‍. വേഗക്കാരായ കെ.എം. ആസിഫും അഖിന് സത്താറുമാണ് പേസ് ബൗളിംഗ് നിരയിലുള്ള പ്രമുഖ താരങ്ങള്‍. റൈഫി വിന്‍സെന്റ് ഗോമസാണ് മുഖ്യപരിശീലകന്‍.
ടീം: സാലി വിശ്വനാഥ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, വിനൂപ് മനോഹരന്, കെ.ജെ. രാകേഷ്, അഖിന് സത്താര്‍, കെ.എം. ആസിഫ്, നിഖില്‍ തോട്ടത്ത്, പി.എസ്. ജെറിന്, ജോബിന് ജോബി, ആതിഫ് ബിന്‍ അഷ്റഫ്, കെ. അജീഷ്, മുഹമ്മദ് ഷാനു, വിപുല്‍ ശക്തി, എന്‍. അഫ്രാദ്, മുഹമ്മദ് ആഷിക്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കെ.ജി. അഖില്‍.
റോയലാകാന്‍ ട്രിവാന്‍ഡ്രം
ബാറ്റിംഗും ബൗളിംഗും സമാസമം ചേര്‍ത്തുണ്ടാക്കിയ ഒരു ഓള്‍റൗണ്ട് ടീമാണ് ട്രിവാന്‍ഡ്രം റോയല്‍സ്. ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ളവരാണ്. ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകന്‍.

അബ്ദുള്‍ ബാസിത്തായിരുന്നു കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ നായകന്. ഗോവിന്ദ് ദേവ് പൈ, എസ്. സുബിന്, ടി.എസ്. വിനില്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ താരമാണ് അബ്ദുള്‍ ബാസിത്ത്. റോയല്‍സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്. ബേസില്‍ തമ്പി കൂടിയെത്തുമ്പോള്‍ ടീം ബൗളിംഗ് കൂടുതല്‍ കരുത്തുറ്റതാവും. രണ്ട് അര്‍ധ സെഞ്ചുറിയടക്കം 300 റണ്‍സ് നേടിയ ഗോവിന്ദ് ആയിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍.
ബൗളിംഗ് നിരയില്‍ അബ്ദുള്‍ ബാസിത്തിനും ബേസില്‍ തമ്പിക്കും പുറമെ ഫാനൂസ് ഫൈസിനെയും വി. അജിത്തിനെയും എം. നിഖിലിനെയും ടീമിലെത്തിച്ചു. ആലപ്പി റിപ്പിള്‍സിനു വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഫാനൂസ്. വി. അജിത്ത് എന്‍എസ്കെ ട്രോഫിയില്‍ ഏറ്റവും മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. മുന്‍ രഞ്ജി താരം എസ്. മനോജാണ് ടീമിന്റെ മുഖ്യപരിശീലകന്‍.
ടീം: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), ഗോവിന്ദ് ദേവ് പൈ, റിയാ ബഷീര്‍, സന്‍ജീവ് സതീശന്, അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്, അഭിജിത്ത് പ്രവീണ്‍, ടി.എസ്. വിനില്‍, എസ്. നിഖില്‍, ബേസില്‍ തമ്പി, ഫാനൂസ്, ആസിഫ് സലാം, വി. അജിത്, ജെ.എസ്. അനുരാജ്, എസ്. സുബിന്, അദ്വൈത് പ്രിന്‍സ്.
യുവത്വം തുടിക്കുന്ന തൃശൂര്‍
യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച ടീമാണ് സിജോമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന തൃശൂര്‍ ടൈറ്റന്‍സ്. കഴിഞ്ഞ തവണത്തെ ടോപ് സ്കോററായ വിഷ്ണു വിനോദിന്റെ അഭാവം മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കൊച്ചി ടീമിൽനിന്ന് ഷോണ്‍ റോജറിനെ എത്തിച്ചിട്ടുണ്ട്. വിഷ്ണു മേനോന്, ആനന്ദ് കൃഷ്ണന് തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ് ടീമിന്റെ കരുത്ത്. ആലപ്പി റിപ്പിള്‍സിനെതിരേ ആനന്ദ് കൃഷ്ണന് 66 പന്തില്‍നിന്ന് പുറത്താകാതെ നേടിയ 138 റണ്‍സ് കഴിഞ്ഞ സീസണിലെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായിരുന്നു. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ കെ.ആര്. രോഹിത്തിന്റെ പ്രകടനത്തിനായും ആരാധകര്‍ ഉറ്റുനോക്കുന്നു. എന്‍എസ്കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു.
എം.ഡി. നിധീഷ്, മുഹമ്മദ് ഇഷാഖ്, ആനന്ദ് ജോസഫ് എന്നിവരാണ് ബൗളിംഗ് കരുത്ത്. മുന്‍ രഞ്ജി താരം എസ്. സുനില്‍ കുമാറാണ് മുഖ്യപരിശീലകന്‍.
ടീം: സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്, അഹ്മദ് ഇമ്രാന്, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, കെ.ആര്. രോഹിത്, വിഷ്ണു മേനോന്, അരുണ്‍ പൗലോസ്, അജു പൗലോസ്, സി.വി. വിനോദ് കുമാര്‍, സിബിന് ഗിരീഷ്, എം.ഡി. നിധീഷ്, ആനന്ദ് ജോസഫ്, ആതിഫ് ബിന്‍ അഷ്റഫ്, ആദിത്യ വിനോദ്, മുഹമ്മദ് ഇഷാഖ്, കെ. അജ്നാസ്, അമല്‍ രമേഷ്.
കൈവിട്ട കിരീടത്തിനു കാലിക്കട്ട്
പ്രഥമ കെസിഎല്ലിലെ ഫൈനലിസ്റ്റുകളാണ് കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സ്. അരികെ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടുകയാണ് രോഹന് കുന്നുമ്മലിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടാം തവണയും ഇറങ്ങുന്ന ഗ്ലോബ് സ്റ്റാഴ്സിന്റെ ലക്ഷ്യം.

455 റണ്‍സുമായി സല്മാന് നിസാര്‍ ആയിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍. രോഹന് കുന്നുമ്മലും എം. അജിനാസും അഖില്‍ സ്കറിയയുമായിരുന്നു റണ്‍വേട്ടയില്‍ സല്‍മാനു പിന്നിലുണ്ടായിരുന്നത്.
സച്ചിന് സുരേഷും എസ്.എന്‍. അമീര്‍ ഷായുമാണ് പുതുതായി ടീമിലെത്തിയ പ്രധാന ബാറ്റര്‍മാര്‍. കഴിഞ്ഞമാസം തിരുവനന്തപുരം എ ഡിവിഷന് ക്രിക്കറ്റ് ലീഗില്‍ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറുമായി സച്ചിന് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. 197 പന്തുകളില്‍ നിന്ന് 27 ഫോറും 24 സിക്സും അടക്കം 334 റണ്‍സായിരുന്നു സച്ചിന് നേടിയത്.
കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളായ അഖില്‍ സ്കറിയ (കഴിഞ്ഞ സീസണില്‍ 25 വിക്കറ്റുകളും 187 റണ്‍സും) ഇത്തവണയും ടീമിന്റെ പ്രതീക്ഷയാണ്. പ്രസിഡന്റ്സ് കപ്പിലടക്കം മികച്ച പ്രകടനം നടത്തിയ പി.എം. അന്‍ഫലാണ് മറ്റൊരു ശ്രദ്ധേയ ഓള്‍റൗണ്ടര്‍. കേരള മുന്‍ രഞ്ജി ക്യാപ്റ്റന്‍ ഫിറോസ് വി. റഷീദാണ് ഇത്തവണയും കാലിക്കട്ടിന്റെ മുഖ്യപരിശീലകന്‍.
ടീം: രോഹന് കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്മാന് നിസാര്‍, എസ്.എന്‍. അമീര്‍ഷ, എം. അജ്നാസ്, എസ്. സച്ചിന്, അഖില്‍ സ്കറിയ, പി.എം. അന്‍ഫല്‍, മനു കൃഷ്ണന്, കൃഷ്ണദേവന്, ഷൈന്‍ ജോണ്‍ ജേക്കബ്, പ്രീതിഷ് പവന്, മോനു കൃഷ്ണ, സി.വി. അഖില്‍ദേവ്, ഇബ്നുല്‍ അഫ്താബ്, എസ്. മിഥുന്, ജി. അജിത് രാജ്, ടി.വി. കൃഷ്ണകുമാര്‍, എം.യു. ഹരികൃഷ്ണന്.
പുതുനിരയുമായി ആലപ്പി
പുതുക്കിപ്പണത ടീമുമായാണ് ആലപ്പി റിപ്പിള്‍സിന്റെ വരവ്. നിലനിര്‍ത്തിയ നാല് താരങ്ങളായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, അക്ഷയ് ചന്ദ്രന്, വിഘ്നേഷ് പുത്തൂര്‍, ടി.കെ. അക്ഷയ് എന്നിവരൊഴിച്ചാല്‍ താരതമ്യേന പുതിയൊരു സംഘമാണ് ആലപ്പി റിപ്പിള്‍സ്.

കഴിഞ്ഞ സീസണില്‍ നാല് അര്‍ധസെഞ്ചുറിയടക്കം 410 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ കരുത്ത്. 12.40 ലക്ഷം രൂപയ്ക്കു ടീമിലെത്തിച്ച ജലജ് സക്സേനയാണ് ടീമിന്റെ പ്രതീക്ഷ. ജലജിനൊപ്പം അക്ഷയ് ചന്ദ്രന്, ടി.കെ. അക്ഷയ് എന്നിവരടങ്ങുന്ന ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ മറ്റൊരു കരുത്ത്. ഫോമിലുള്ള പി.എന്‍. ബേസില്‍ ആണ് ആലപ്പിയുടെ ബൗളിംഗ് ആക്രമണം നയിക്കുക. ശ്രീഹരി നായരും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച വിഘ്നേഷ് പുത്തൂരുമാണ് സ്പിന്നര്‍മാര്‍. 3.75 ലക്ഷത്തിനാണ് വിഘ്നേഷിനെ നിലനിര്‍ത്തിയത്. സോണി ചെറുവത്തൂരാണ് മുഖ്യപരിശീലകന്‍.
ടീം: മുഹമ്മദ് അസ്ഹറുദ്ദീന് (ക്യാപ്റ്റന്‍), അനുജ് ജോതിന്, കെ.എ. അരുണ്‍, അര്ജുന് സുരേഷ് നമ്പ്യാര്‍, ആകാശ് പിള്ള, മുഹമ്മദ് കൈഫ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്, എം.പി. ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു, ടി.കെ. അക്ഷയ്, എന്‍.പി. ബേസില്‍, രാഹുല്‍ ചന്ദ്രന്, ശ്രീഹരി നായര്‍, മുഹമ്മദ് നസീല്‍, ആദിത്യ ബൈജു, വിഘ്നേഷ് പുത്തൂര്‍.