ഗുരുതര പരിക്കിനു പകരക്കാർ
Sunday, August 17, 2025 12:11 AM IST
മുംബൈ: ഇന്ത്യയുടെ ആഭ്യന്തര മൾട്ടി-ഡേ ക്രിക്കറ്റിൽ ഗുരുതരമായി പരിക്കേൽക്കുന്ന കളിക്കാർക്കു പകരക്കാരെ അനുവദിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ).
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആൻഡേഴ്സണ്-തെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പര സംഭവവികാസങ്ങളാണു ബിസിസിഐയെ പുതിയ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. 2-2ന് അവസാനിച്ച അഞ്ചു മത്സരങ്ങളുടെ പരന്പര ആവേശകരമായ പോരാട്ടങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്.
മത്സരങ്ങൾ ആവേശംവിതറിയെങ്കിലും അതിലെ ചില സംഭവങ്ങൾ ക്രിക്കറ്റിന്റെ തലപ്പത്തുള്ളവരെ പുതിയ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഗുരുതര പരിക്കേറ്റിട്ടും ഋഷഭ് പന്തിനും ക്രിസ് വോക്സിനും ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന അവസ്ഥയുണ്ടായി.
നാലാം ടെസ്റ്റിൽ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ഋഷഭ് പന്തിന് വലതു കാൽപ്പാദത്തിൽ പന്തുകൊണ്ട് പൊട്ടലേറ്റു. പരന്പരയിലെ നിർണായകമായ ഓവൽ ടെസ്റ്റിൽ തോളിനു ഗുരുതര പരിക്കേറ്റ വോക്സിനു ബാറ്റിംഗിനും ഇറങ്ങേണ്ടതായി വന്നു.
പന്തിനും വോക്സിനും പരിക്കേറ്റതിനെത്തുടർന്ന്, ടെസ്റ്റ് മത്സരത്തിനിടെ കളിക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുന്പോൾ പകരക്കാരെ അനുവദിക്കണോ എന്നതിനെക്കുറിച്ച് ചർച്ച ആരംഭിച്ചു. ഇതിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ നടന്നു.
മൾട്ടി-ഡേ ടൂർണമെന്റുകൾക്കു മാത്രം
സംഭവം ഗൗരവമായി കണ്ട്, ഗുരുതരമായ പരിക്കുകളുള്ള കളിക്കാരെ മാറ്റി പകരക്കാരെ അനുവദിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ). 2025-26 സീസണ് മുതൽ ഇന്ത്യയുടെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി തുടങ്ങിയ മൾട്ടി-ഡേ ടൂർണമെന്റുകളിൽ ‘ഗുരുതരമായ പരിക്കുകൾക്ക് പകരക്കാരെ’ അനുവദിക്കുന്നതിനായി, ബിസിസിഐ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി. ബിസിസിഐ ഔദ്യോഗികമായി കത്തുകൾ മുഖേന ഇക്കാര്യങ്ങൾ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും മാച്ച് ഓഫീഷ്യൽസിനും അന്പയർമാർക്കും നല്കി.
മത്സരത്തിനിടെ ഒരു കളിക്കാരനു ഗുരുതരമായ പരിക്കേറ്റാൽ, ആ സാഹചര്യങ്ങളിൽ ഒരു സീരിയസ് ഇൻജുറി റീപ്ലേസ്മെന്റ് അനുവദിക്കാവുന്നതാണ്, പുതുതായി അവതരിപ്പിച്ച നിയമം സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ച ഔദ്യോഗിക കത്തിൽ പറയുന്നു.
കളിക്കിടയിലും കളിസ്ഥലത്തും വച്ച് ഗുരുതരമായ പരിക്ക് സംഭവിച്ചാലാണ് ഇത് സാധ്യമാകുക.ഈ നിയമപ്രകാരം, ഒരു കളിക്കാരനു ഗുരുതരമായ പരിക്ക് സംഭവിച്ചാൽ, സമാനമായ പകരക്കാരനെ അനുവദിക്കും.
ഇത് മൾട്ടി-ഡേ ടൂർണമെന്റുകൾക്കു മാത്രമേ ബാധകമാകൂ. സയിദ് മുഷ്താഖ് അലി ട്രോഫിയിലോ വിജയ് ഹസാരെ ട്രോഫിയിലോ പുതിയ നിയമം നടപ്പാക്കില്ല. സി.കെ. നായിഡു ട്രോഫിക്കായുള്ള മൾട്ടി-ഡേ അണ്ടർ-19 ടൂർണമെന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നവർക്കു പകരക്കാർ എന്ന നിയമം നിലനിൽക്കും.