കണക്കു തെറ്റിക്കാതെ ലിവർപൂൾ
Sunday, August 17, 2025 12:11 AM IST
ലിവർപൂൾ: 2025-26 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിനു ജയം.
ആവേശകരമായ പോരാട്ടത്തിൽ ലിവർപൂൾ സ്വന്തം ആൻഫീൽഡിൽ രണ്ടിനെതിരേ നാലു ഗോളിനു ബോണ്‍മൗത്തിനെ തകർത്തു. സമനിലയെന്നു കരുതിയ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഫെഡെറികോ കിയേസയും മുഹമ്മദ് സലയും നേടിയ ഗോളുകളിലാണു ലിവർപൂളിന്റെ ജയം.
ജോട്ടയ്ക്ക് ആദരാഞ്ജലി
സ്പെയിനിലുണ്ടായ കാറപകടത്തിൽ അന്തരിച്ച തങ്ങളുടെ മുൻ സ്ട്രൈക്കർ ഡിയേഗോ ജോട്ടയ്ക്കും സഹോദരൻ ആന്ദ്രെ സിൽവയ്ക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
തോൽവി അറിയാതെ ലിവർപൂൾ
ലീഗ് സീസണിന്റെ ആദ്യദിനത്തിലെ അപരാജിത കുതിപ്പ് ലിവർപൂൾ 13 എണ്ണമാക്കി ഉയർത്തി. മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യ ദിവസം തോൽവി അറിയാത്തതിന്റെ റിക്കാർഡ് ചെൽസിയുടെ പേരിലാണ്. 1999-2000 മുതൽ 2016-17 വരെ 18 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.
സ്വപ്നതുല്യ തുടക്കമിട്ട് ഹ്യൂഗോ എകിറ്റികെ
ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിൽനിന്ന് ലിവർപൂൾ സ്വന്തമാക്കിയ ഹ്യൂഗോ എകിറ്റികെ ഗോളടിച്ചും അടിപ്പിച്ചും ലീഗിൽ ആദ്യ പ്രീമിയർ ലീഗ് മത്സരം ഗംഭീരമാക്കി. 37-ാം മിനിറ്റിൽ എകിറ്റികെ ബോണ്‍മൗത്തിന്റെ പ്രതിരോധം തകർത്ത് വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ എകിറ്റികെ ലിവർപൂളിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കി. ഫ്രഞ്ച് സ്ട്രൈക്കറുടെ അസിസ്റ്റിൽ 49-ാം മിനിറ്റിൽ കോഡി ഗാക്പോ ആതിഥേയരുടെ ലീഡ് ഉയർത്തി. ഇതോടെ ലിവർപൂൾ അനായാസ ജയം പ്രതീക്ഷിച്ചു.
അധിക്ഷേപത്തിൽനിന്നു തിരിച്ചുവരവ്
ആദ്യ പകുതിയിൽ കാണികളിൽ ഒരാളിൽനിന്നു വംശീയാധിക്ഷേപത്തിന് ഇരയാ്ന ബോണ്‍മൗത്ത് ഫോർവേഡ് അന്റോയിൻ സെമെന്യോ രണ്ടു ഗോളടിച്ച് ശക്തമായ മറുപടി നൽകി. 64, 76 മിനിറ്റുകളിലാണു സെമോന്യോ വലകുലുക്കിയത്.
കിയേസ, സല
സമനില പിടിച്ചതോടെ നിലവിലെ ചാന്പ്യന്മാരുമായി പോയിന്റ് പങ്കുവയ്ക്കാമെന്ന ബോണ്‍മൗത്തിന്റെ സ്വപ്നങ്ങൾ കിയേസ (88’) തകർത്തു. ഇറ്റാലിയൻ താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. 90+4-ാം മിനിറ്റിൽ സല ജയം ഉറപ്പിച്ചു. ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ഗോൾ നേടിയതിന്റെ റിക്കാർഡ് സല ഉയർത്തി. ഉദ്ഘാടനമത്സരത്തിൽ 10 ഗോളുകൾ നേടുന്ന ആദ്യത്തെ കളിക്കാരനെന്ന റിക്കാർഡിൽ താരമെത്തി.
ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം 3-0ന് ബേൺലിയെയും സണ്ടർലൻഡ് ഇതേ സ്കോറിന് വെസ്റ്റ്ഹാം യുണൈറ്റഡിനയെ തോൽപ്പിച്ചു.