അലാസ്ക ഉച്ചകോടി; വ്യക്തമാക്കിയത് അഞ്ച് കാര്യങ്ങൾ
Sunday, August 17, 2025 1:49 AM IST
റ്റി.സി. മാത്യു
അലാസ്ക ഉച്ചകോടി കഴിഞ്ഞപ്പോൾ അഞ്ചു കാര്യങ്ങൾ വ്യക്തമായി.
☛ ഒന്ന്: യുക്രെയ്ൻ സമാധാനത്തിനു പോംവഴി കണ്ടെത്തേണ്ട ബാധ്യത ഡോണൾഡ് ട്രംപിന്റേതായി. മടക്കയാത്രയിലെ ആറു മണിക്കൂറും ട്രംപ് ഫോൺ സംഭാഷണത്തിലായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയോടും വിവിധ യൂറോപ്യൻ ഭരണത്തലവന്മാരോടും അദ്ദേഹം വിവരങ്ങൾ പങ്കുവച്ചു. തിങ്കളാഴ്ച സെലൻസ്കി വാഷിംഗ്ടണിലെത്തി വെെറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപുമായി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് പുടിൻ വച്ച ഓഫർ സെലൻസ്കിയെ ബോധ്യപ്പെടുത്താനാകും ശ്രമം. അതിൽ ജയിച്ചാൽ പുടിൻ - സെലൻസ്കി - ട്രംപ് കൂടിക്കാഴ്ചയ്ക്കു വേദിയും തീയതിയും നിർണയിക്കും.
☛ രണ്ട്: ഇനി റഷ്യൻ ആക്രമണം ഉണ്ടാകാതിരിക്കാൻ യുക്രെയ്ന് അമേരിക്കയും യൂറോപ്പും ചേർന്ന് ഉറപ്പുനൽകണമെന്നു സെലൻസ്കി നിർബന്ധിക്കും. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും യുക്രെയ്നെ ചേർക്കരുത് എന്ന പുടിന്റെ പിടിവാശിക്കു ട്രംപ് വഴങ്ങും എന്ന ധാരണയിലാണിത്.
☛ മൂന്ന്: പുടിന് പാശ്ചാത്യലോകം വിധിച്ച തൊട്ടുകൂടായ്മ അവസാനിച്ചു. അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച വാറന്റ് ഇനി വെറും കടലാസ്. പുടിന്റെ ഏറ്റവും വലിയ ആവശ്യം ആങ്കറേജ് എയർബേസിലെ ചുവപ്പുപരവതാനിയിൽ നിറവേറി.
☛ നാല്: ഇന്ത്യയും ചൈനയും തത്കാലം പിഴച്ചുങ്കം പേടിക്കേണ്ട. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള 25 ശതമാനം പിഴച്ചുങ്കം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഓഗസ്റ്റ് 27നു നടപ്പാക്കും എന്നായിരുന്നു ഭീഷണി. അതു മരവിപ്പിച്ചതായി ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ട്രംപ് പരോക്ഷമായി പറഞ്ഞു.
☛ അഞ്ച്: റഷ്യയുമായി ട്രംപ് ഭരണകൂടം സാമ്പത്തിക ബന്ധങ്ങൾ വിപുലമാക്കാൻ ശ്രമിക്കും. റഷ്യൻ ധനമന്ത്രിയും യുഎസ് ട്രഷറി സെക്രട്ടറിയും ആങ്കറേജിൽ ഉണ്ടായിരുന്നതു വെറുതെയല്ല.
ഉച്ചകോടി കഴിഞ്ഞപ്പോൾ പുടിൻ ഒന്നും വിട്ടുകൊടുക്കാതെയും ട്രംപ് ഒന്നും നേടാതെയും മടങ്ങി എന്നാണു മാധ്യമ വിലയിരുത്തൽ. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കുറേ പ്രവിശ്യകൾ വിട്ടുകൊടുക്കാതെ കഴിയില്ല എന്നതു വ്യക്തമായി. അതു ചെയ്താൽ ശിഷ്ട യുക്രെയ്ന് എന്താണു സുരക്ഷ എന്നു സെലൻസ്കി ചോദിക്കുന്നു. യുദ്ധം തുടരാൻ സഹായം നൽകില്ല എന്നു ട്രംപ് കടുംപിടിത്തം പിടിച്ചാൽ യൂറോപ്പിനും സെലൻസ്കിക്കും മറ്റു വഴിയില്ല. അതുകൊണ്ടാണ് സുരക്ഷാ ഉറപ്പ് ചോദിക്കുന്നത്.
ഒരു ചർച്ച വെടിനിർത്തലിനു വഴിതെളിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മൂന്നു മണിക്കൂർ ചർച്ച നടത്തിയിട്ടും ലഞ്ച് കഴിക്കാതെ നേതാക്കൾ പിരിഞ്ഞത് എല്ലാം സുഗമമല്ല എന്നു കാണിക്കുന്നു. പക്ഷേ ചർച്ച തുടരും എന്നതു പ്രധാനമാണ്. അത് പിന്നണിയിലെ നീക്കങ്ങൾ വേഗത്തിലാക്കും.
യൂറോപ്പിന്റെ അതിർത്തി മാറ്റിവരച്ചുകൊണ്ട് സമാധാനത്തിനായി നടത്തുന്ന ശ്രമം എവിടെ എത്തും എന്നറിയാൻ ആഴ്ചകൾ വേണ്ടിവന്നേക്കാം. ഇന്ത്യക്കു തീരുവക്കാര്യത്തിലെ ആശ്വാസം ഉറപ്പാകാനും ദിവസങ്ങൾ കാത്തിരിക്കണം.