ആഫ്രിക്കയിൽ കോളറ പടരുന്നു; ആശങ്ക
Monday, August 11, 2025 1:45 AM IST
അബുജ: ആഫ്രിക്കൻ രാജ്യങ്ങളിൽ കോളറ പടരുന്നതായും 80,000ത്തോളം കുട്ടികൾ രോഗഭീഷണിയിലാണെന്നും യൂണിസെഫ്. കോംഗോ, നൈജീരിയ, ഘാന, ഛാഡ്, ടോഗോ, നൈജർ, കാമറൂൺ തുടങ്ങി 12 രാജ്യങ്ങളിലാണു കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കനത്ത മഴയും വെള്ളപ്പൊക്കവും ജനങ്ങളുടെ പലായനവും രോഗം പടരുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതായും കുട്ടികളിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും യൂണിസെഫ് റീജണൽ ഡയറക്ടർ ഗില്ലെസ് ഫാഗ്നിനൊ പറഞ്ഞു.
രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ശുദ്ധജലത്തിന്റെ ദൗർലഭ്യവും ശുചിത്വമില്ലായ്മയും പ്രശ്നമായതിനാൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. കോംഗോയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ കഴിഞ്ഞമാസം 951 പേർ മരിക്കുകയും 38,000 പേർക്കു രോഗം ബാധിക്കുകയും ചെയ്തതായാണു റിപ്പോർട്ട്.