ട്രംപ് -പുടിൻ കൂടിക്കാഴ്ച അടുത്തയാഴ്ച യുഎഇയിൽ
Thursday, August 7, 2025 11:03 PM IST
മോസ്കോ/വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി റഷ്യൻ പ്രസിഡന്റ് പുടിനും അമേരിക്കൻ പ്രസിഡന്റ് ട്രംപും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ട്രംപാണു കുടിക്കാഴ്ചാ വിഷയത്തിൽ ആദ്യസൂചന നല്കിയത്. പിന്നാലെ പുടിനും ക്രെംലിൻ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു.
യുഎഇ ആയിരിക്കും കൂടിക്കാഴ്ചാ വേദിയെന്നു പുടിൻ പറഞ്ഞു. അടുത്തയാഴ്ച കൂടിക്കാഴ്ച നടന്നേക്കുമെന്നു പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവും പറഞ്ഞു. അതേസമയം, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഈ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സാധ്യത ഉഷക്കോവ് തള്ളിക്കളഞ്ഞു.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ബുധനാഴ്ച മോസ്കോയിലെത്തി പുടിനുമായി ചർച്ച നടത്തിയതിനു പിന്നാലെയാണു കൂടിക്കാഴ്ച സംബന്ധിച്ച ആദ്യ അറിയിപ്പുണ്ടായത്. പുടിനുമായി കൂടിക്കാഴ്ച നടത്താൻ നല്ല സാധ്യതയുണ്ടെന്നു ട്രംപ് പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ് വ്യക്തമാക്കി. തുടർന്ന് മൂവരും ചേർന്നുള്ള ഉച്ചകോടിക്കും സാധ്യതയുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഇന്നലെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായി മോസ്കോയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണു ട്രംപുമായി കൂടിക്കാഴ്ചയ്ക്കു തീരുമാനമായതെന്നു പുടിൻ അറിയിച്ചത്. സെലൻസ്കിയുമായും കൂടിക്കാഴ്ചയ്ക്കു തയാറാണെന്നു പുടിൻ പറഞ്ഞെങ്കിലും അതിനു മുന്പായി ചില വ്യവസ്ഥകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
ട്രംപ്-പുടിൻ കൂടിക്കാഴ്ചയെ പിന്തുണയ്ക്കുന്നതായി യുക്രെയൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. അതേസമയം, വരുമാനമാർഗങ്ങൾ നിലച്ചാലേ റഷ്യ സമാധാനത്തെക്കുറിച്ച് ആലോചിക്കൂ എന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിന് ട്രംപ് അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. റഷ്യക്കെതിരേ കടുത്ത സാന്പത്തിക നടപടികളുണ്ടാകുമെന്നാണു ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യപോലുള്ള രാജ്യങ്ങൾക്കെതിരേയും നടപടികളുണ്ടാകും.വിറ്റ്കോഫും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയത്.