അമിതപ്രതീക്ഷ നിരാശയുണ്ടാക്കും: ട്രംപിനു പുടിന്റെ മറുപടി
Saturday, August 2, 2025 11:21 PM IST
മോസ്കോ: ഊതിവീർപ്പിച്ച പ്രതീക്ഷയിൽനിന്നാണ് നിരാശ ഉണ്ടാകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ട്രംപിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇതു പറഞ്ഞത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പുടിന്റെ പങ്ക് നിരാശപ്പെടുത്തുന്നതായി ട്രപ് പലവട്ടം പറഞ്ഞിരുന്നു.
എന്നാൽ, യുദ്ധമുന്നണിയിലുടനീളം റഷ്യ മുന്നേറുകയാണെന്നാണ് പുടിൻ വെള്ളിയാഴ്ച അവകാശപ്പെട്ടത്. റഷ്യൻ മുന്നേറ്റം ഏതുവിധേനയും അവസാനിപ്പിക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുടിന് സമാധാനചർച്ചയിൽ തീരെ താത്പര്യമില്ലെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഓഗസ്റ്റ് എട്ടിനകം റഷ്യയിൽനിന്നുണ്ടാകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം റഷ്യക്കും അവരുടെ എണ്ണ വാങ്ങുന്നവർക്കുമേൽ അമേരിക്ക സാന്പത്തിക നടപടികളെടുക്കും.
അതേസമയം, ട്രംപിന്റെ ഭീഷണിയെ റഷ്യ ഗൗനിക്കുന്നില്ലെന്നാണ് സൂചനകൾ.