റഷ്യയിൽ യുക്രെയ്ൻ ആക്രമണം; നാലു പേർ കൊല്ലപ്പെട്ടു
Saturday, August 2, 2025 11:21 PM IST
മോസ്കോ: റഷ്യയുടെ എണ്ണശുദ്ധീകരണശാല അടക്കം ലക്ഷ്യമിട്ട് വൻ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്്ൻ സേന അറിയിച്ചു. വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടുവെന്നും ഒട്ടേറെപ്പേർക്കു പരിക്കേറ്റുവെന്നും റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മോസ്കോയ്ക്കു തെക്കുകിഴക്കൻ റയാസാനിലെ എണ്ണശുദ്ധീകരണശാല, വടക്കുകിഴക്കൻ യുക്രെയ്ൻ അതിർത്തിയോടു ചേർന്ന വെറോണിഷിലെ എണ്ണ സംഭരണകേന്ദ്രം, യുക്രെയ്നിലേക്ക് ഡ്രോണുകൾ തൊടുക്കാൻ ഉപയോഗിക്കുന്ന പ്രിമോർസ്കോ-അഖ്താർസ്ക് മിലിട്ടറി എയർഫീൽഡ്, റഷ്യൻ സേനയ്ക്ക് ഉപകരണങ്ങൾ നല്കുന്ന പെൻസായിലെ ഇലക്ട്രോണിക് ഫാക്ടറി എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സേന പറഞ്ഞു.
യുക്രെയ്ൻ തൊടുത്ത ഡ്രോണുകളിൽ 338 എണ്ണം നിർവീര്യമാക്കാൻ കഴിഞ്ഞുവെന്ന് റഷ്യ അറിയിച്ചു. വ്യാഴാഴ്ച റഷ്യൻ സേന യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു.