‘ആരെങ്കിലും ഒരു നൊബേൽ കൊടുക്കൂ’
Saturday, August 2, 2025 3:01 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷമടക്കം അവസാനിപ്പിക്കാൻ മുൻകൈയെടുത്തു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന് സമാധാന നൊബേൽ പുരസ്കാരം നൽകണമെന്ന് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ്.
മാസത്തിൽ ഒരു വെടിനിർത്തലോ, സമാധാന ഉടന്പടിയോ ട്രംപ് ഉണ്ടാക്കിയിട്ടുണ്ടെന്നാണു വക്താവ് ചൂണ്ടിക്കാട്ടിയത്. തായ്ലൻഡ്- കംബോഡിയ, ഇസ്രയേൽ-ഇറാൻ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്ത്യ-പാക്കിസ്ഥാൻ, സെർബിയ-കൊസാവോ, ഈജിപ്ത്-എത്യോപ്യ സംഘർഷങ്ങൾ അവസാനിപ്പിച്ചതു ട്രംപാണെന്നും വക്താവ് അവകാശപ്പെട്ടു.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നാണു ട്രംപ് കൂടെക്കൂടെ അവകാശപ്പെടുന്നത്. എന്നാൽ, മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ട്രംപിന്റെ ഇടപെടൽ പാക്കിസ്ഥാൻ അംഗീകരിക്കുന്നു. ട്രംപിനെ സമാധാന നൊബേലിനു ശിപാർശ ചെയ്യുമെന്നും പാക്കിസ്ഥാൻ അറിയിച്ചിരുന്നു.
ശിപാർശ ചെയ്യുമെന്ന് കംബോഡിയ
നോംപെൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാന നൊബേൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്യുമെന്ന് കംബോഡിയ അറിയിച്ചു.
കഴിഞ്ഞമാസം അവസാനം കംബോഡിയയും തായ്ലൻഡും തമ്മിലുണ്ടായ അതിർത്തിസംഘർഷം അവസാനിപ്പിക്കാൻ മുൻകൈയെടുത്ത ട്രംപ് നൊബേൽ അർഹിക്കുന്നതായി കംബോഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സൺ ചാന്തോൾ പറഞ്ഞു. വ്യാപാരവിഷയത്തിൽ കംബോഡിയയ്ക്കുള്ള ചുങ്കം 19 ശതമാനമായി കുറച്ചതിലും ട്രംപിനോട് നന്ദി പറയുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അഞ്ചു ദിവസം നീണ്ട ഏറ്റുമുട്ടലിൽ 43 പേർ കൊല്ലപ്പെട്ടിരുന്നു. അതിർത്തിപ്രദേശങ്ങളിലെ മൂന്നു ലക്ഷം പേരെ ഇരു രാജ്യങ്ങളും ഒഴിപ്പിച്ചുമാറ്റി. തായ്, കംബോഡിയൻ നേതൃത്വങ്ങളെ ട്രംപ് ഫോണിൽ വിളിച്ചതിനു പിന്നാലെയാണു വെടിനിർത്തലുണ്ടായത്.
ട്രംപിനെ നൊബേലിനു ശിപാർശ ചെയ്തതായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞമാസം അറിയിച്ചിരുന്നു.