പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസ്; പ്രഖ്യാപനം സെപ്റ്റംബറിലെന്ന് മക്രോൺ
Saturday, July 26, 2025 1:13 AM IST
പാരീസ്: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. സെപ്റ്റംബറിലെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.
പശ്ചിമേഷ്യയിൽ സ്ഥിരം സമാധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് തന്റെ നീക്കമെന്നു മക്രോൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച കത്തിന്റെ പകർപ്പ് മക്രോൺ പോസ്റ്റ് ചെയ്തു.
ഇസ്രയേൽ പലസ്തീനികളെ പട്ടിണിക്കിട്ട് ഗാസയിൽ വംശഹത്യ ചെയ്യുകയാണെന്ന ആരോപണത്തിൽ യൂറോപ്യൻ ശക്തികൾക്ക് അതൃപ്തി വർധിച്ചുവരുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റ് സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്. പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന ആദ്യ യൂറോപ്യൻ വൻശക്തി, ജി-7 കൂട്ടായ്മയിലെ അംഗം എന്നീ പ്രത്യേകതകൾ ഫ്രാൻസിന്റെ തീരുമാനത്തിനുണ്ട്.
പലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിനു പിന്തുണ തേടി ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ അടുത്തയാഴ്ച യുഎന്നിൽ പ്രത്യേക കോൺഫറൻസ് ചേരുന്നുണ്ട്. നിലവിൽ യുഎന്നിലെ 193 അംഗങ്ങളിൽ 142 രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയോ അംഗീകരിക്കാൻ തയാറാണെന്ന് അറിയിക്കുകയോ ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളായ നോർവേ, സ്പെയിൻ, അയർലൻഡ് എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിലെ അനുകൂല തീരുമാനം അടുത്ത കാലത്താണ് അറിയിച്ചത്.
ഫ്രാൻസ് തീരുമാനമെടുത്തതോടെ പലസ്തീനെ അംഗീകരിക്കണമെന്ന ആവശ്യത്തിനു ബ്രിട്ടനിലും ശക്തി വർധിച്ചുവെന്നാണ് റിപ്പോർട്ട്. ഗാസയിൽ വെടിനിർത്തലുണ്ടാകുന്നത് പലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിലേക്ക് നയിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ പറഞ്ഞു.
അതേസമയം, ഫ്രാൻസിന്റെ തീരുമാനത്തെ ഇസ്രയേലും അമേരിക്കയും അപലപിച്ചു.
നിലവിൽ ഭാവിരാഷ്ട്രത്തിന്റെ തലസ്ഥാനമായി പലസ്തീനികൾ കരുതുന്ന കിഴക്കൻ ജറൂസലേം അടക്കം പല പ്രദേശങ്ങളും ഇസ്രേലി അധിനിവേശത്തിനു കീഴിലാണ്.