ആയുധവ്യാപാരത്തെ അപലപിച്ച് മാർപാപ്പ
Thursday, July 24, 2025 12:36 AM IST
വത്തിക്കാൻ സിറ്റി: ആയുധങ്ങൾ ഉപേക്ഷിക്കാൻ എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങൾ ഉപേക്ഷിക്കാൻ മനസ് കാണിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
വത്തിക്കാനിലേക്കു തിരിക്കുംമുന്പ് വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവിൽ വ്യക്തികളെ വെറും ഉപകരണങ്ങളായി കാണുന്ന അവസ്ഥയാണുള്ളത്. സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും മാർപാപ്പ വ്യക്തമാക്കി.
ഗാസ പോലുള്ള യുദ്ധമേഖലകളിലേക്കു യാത്ര ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് താൻ വ്യക്തിപരമായി പോകാൻ ആഗ്രഹിക്കുന്ന നിരവധി സ്ഥലങ്ങളുണ്ടെന്നും പക്ഷേ ഇതു പരിഹാരം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമല്ലെന്നും മാർപാപ്പ വ്യക്തമാക്കി.
എല്ലാ മതവിഭാഗങ്ങളിലെയും ആളുകളുടെ അന്തസിനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത നാം നിരന്തരം അടിവരയിട്ടു പറയണം. നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്. -മാർപാപ്പ പറഞ്ഞു.
വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ തന്റെ താമസത്തെക്കുറിച്ചും മാർപാപ്പ പങ്കുവച്ചു. വിശ്രമദിനങ്ങൾ തനിക്കു വേറിട്ട അനുഭവം സമ്മാനിച്ചുവെന്നും എന്നാൽ വിശ്രമദിനങ്ങളിലും തന്റെ ജോലികൾ തുടർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രത്തലവന്മാരുമായുള്ള ടെലിഫോൺ സംഭാഷണങ്ങൾ ഏറെ പ്രധാനപ്പെട്ടതായിരുന്നു. സഭയുടെ ശബ്ദം ഇപ്പോഴും സമൂഹത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നതിൽ താൻ ദൈവത്തിനു നന്ദി പറയുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വേനൽക്കാലവസതിയായ കസ്തേൽ ഗണ്ടോൾഫോയിൽ 16 ദിവസം ചെലവഴിച്ചശേഷം ചൊവ്വാഴ്ചയാണു മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്.
വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിലായിരിക്കും മാർപാപ്പ ഇനി താമസിക്കുക. കസ്തേൽ ഗണ്ടോൾഫോയിലായിരിക്കെ മാർപാപ്പ അവിടുത്തെ സാന്താ മാർത്താ വൃദ്ധമന്ദിരത്തിൽ സന്ദർശനം നടത്തുകയും അന്തേവാസികളുമായി അല്പസമയം ചെലവഴിക്കുകയും ചെയ്തിരുന്നു.