42-ാം ദിവസം തെളിഞ്ഞു, ബിനു നിരപരാധി; പ്രതി കാട്ടാന
Friday, July 25, 2025 6:30 AM IST
പീരുമേട്/കുമളി: പീരുമേട് തോട്ടപ്പുര സ്വദേശി സീത (53)യുടെ മരണം കാട്ടാനയുടെ ആക്രമണത്തിൽ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം പീരുമേട് ഡിവൈഎസ്പി വിശാൽ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ജൂണ്‍ 12ന് ശബരിമല വനമേഖലയിൽ ഭർത്താവ് ബിനുവും മക്കളായ ഷാജിമോനും അനുമോനുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സീതയെ മീൻമുട്ടിയിൽ എത്തിയപ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദയമിടിപ്പ് ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരണം സംഭവിച്ചതെന്നുമായിരുന്നു ഭർത്താവ് പോലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ, മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ താലൂക്കാശുപത്രിയിലെ ഡോക്ടർ മരണം കൊലപാതകമാണെന്നു സംശയം പ്രകടിപ്പിച്ചതോടെയാണ് വിഷയം വിവാദമായത്.
ഇതിനിടെ വനം മന്ത്രി കൊലപാതകങ്ങളെല്ലാം വനംവകുപ്പിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടന്ന പ്രസ്താവനയും നടത്തി. ഇതിനെ തുടർന്നാണ് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ബിനുവിനെയും മക്കളെയും പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശേധിച്ചു. ആക്രമണം നടന്നതായി പറയുന്ന മീൻമുട്ടിയിലും പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ഇവിടെ കാട്ടാനയുടെ സാന്നിധ്യവും ആനകൾ പ്രകോപിതരായതിന്റെ ലക്ഷണങ്ങളും ബിനുവിന്റെയും മറ്റും കൈവശമുണ്ടായിരുന്ന സാധനങ്ങൾ അലങ്കോലപ്പെട്ട നിലയിലും പോലീസ് കണ്ടെത്തിയിരുന്നു.
മീൻമുട്ടി ഭാഗത്ത് ബിനുവും സീതയും മക്കളും എത്തിയപ്പോൾ കാട്ടാന സീതയെ തുന്പികൈക്കു തട്ടി എറിഞ്ഞതായാണ് ബിനുവിന്റെ മൊഴി. പോസ്റ്റ്മോർട്ടത്തിൽ സീതയുടെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായും കഴുത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും ആനയുടെ ആക്രമണമല്ല മരണകാരണമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തിൽ സീതയെ ബിനുവും മക്കളും ചേർന്ന് കാട്ടിലൂടെ ചുമന്നുകൊണ്ടുവന്നപ്പോൾ കഴുത്തിനും ദേഹത്തും പരിക്കേറ്റതായാണ് പറയുന്നത്.
ഡോക്ടറുടെയും വനം മന്ത്രി ഉൾപ്പെടെയുള്ളവരുടെയും പ്രസ്താവനകൾ ഉണ്ടായതോടെ 40 ദിവസത്തിലേറെയാണ് ബിനു ഭാര്യാഘാതകനാണെന്ന സംശയമുനയിൽ കഴിഞ്ഞത്.പോലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മേൽ ഉദ്യോഗസ്ഥർക്കു കൈമാറിയതായും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പാർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ്അറിയിച്ചു.