പ്രതികൾ തടവ് ചാടിയാൽ ജയിൽ ഉദ്യോഗസ്ഥർക്കും ശിക്ഷയ്ക്കു വ്യവസ്ഥ
Saturday, July 26, 2025 2:43 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പ്രതികൾ തടവ് ചാടിയാൽ ജയിൽ ജീവനക്കാർക്കും ശിക്ഷയ്ക്കു വ്യവസ്ഥ. തടവുകാർക്കു ജയിൽ ചാടാൻ പ്രത്യക്ഷത്തിലുള്ള സഹായമോ മൗനാനുവാദമോ നൽകുകയോ കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയോ ചെയ്യുന്ന ജയിൽ ഉദ്യോഗസ്ഥർക്ക് ശിക്ഷ കൊടുക്കാൻ വ്യവസ്ഥയുണ്ടെന്നു കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗിക സേവനങ്ങളും (നിർവഹണ) ചട്ടം- 2014 വ്യക്തമാക്കുന്നു.
നേരത്തേയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലും പുതുക്കിയ ഭാരതീയ ന്യായ് സംഹിതയിലും ഇത്തരം ഉദ്യോഗസ്ഥർക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വകുപ്പുതല അച്ചടക്ക നടപടി കൂടാതെയുള്ള തുടർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിയമ നടപടികളും ഇവർക്കെതിരേ സ്വീകരിക്കാം. ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ തെളിവുകൾ അപര്യാപ്തമാണെന്നു ജയിൽ സൂപ്രണ്ടിന് ബോധ്യമാകുന്ന പക്ഷം ജയിൽ മേധാവിക്കു റിപ്പോർട്ട് നൽകാനും കഴിയും.
ഗോവിന്ദച്ചാമി കഴിഞ്ഞ ഒന്നര മാസമായി ജയിൽ ചാട്ടത്തിനു ജയിലഴി അറുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടത്തിവരികയായിരുന്നുവെന്നാണു ജയിൽ ഡിജിപിക്കു ലഭിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
ഇത്രയും കാലം ജയിൽ ചാട്ടത്തിനുള്ള ആസൂത്രണം കൊടും കുറ്റവാളിയുടെ നേതൃത്വത്തിൽ സെൻട്രൽ ജയിലിൽ നടത്തിയതിനു ജയിൽ അധികൃതരുടെ ഒത്താശയുണ്ടായിരുന്നതായാണ് നിഗമനം. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഗോവിന്ദച്ചാമിക്കു മയക്കുമരുന്നു മാഫിയയുടെ പിന്തുണയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ജയിൽ ഉദ്യോഗസ്ഥന് ഗോവിന്ദച്ചാമിക്കു പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകിയോ എന്ന കാര്യവും കണ്ണൂർ റേഞ്ച് ഡിഐജി നടത്തുന്ന അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.
ജയിലിൽ നിന്നു തടവുകാർ ചാടി രക്ഷപ്പെട്ടാൽ ഉടനടി സ്വീകരിക്കേണ്ട നടപടികൾ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. തടവുചാട്ടമുണ്ടായെന്നു കണ്ടെത്തിയാൽ ഉടൻ കൂട്ടമണി അടിക്കുകയും തുടർച്ചയായി അപായ സൈറണ് മുഴുക്കുകയും വേണമെന്നും ജയിൽ ചട്ടത്തിൽ വ്യക്തമാക്കുന്നു. ജയിലിന്റെ ഗേറ്റിലും ഇവ മുഴക്കേണ്ടതുണ്ട്. എന്നാൽ കൊടുംകുറ്റവാളി ജയിൽ ചാടി രക്ഷപ്പെട്ടിട്ടും ഇത്തരം നടപടിയുണ്ടായിട്ടില്ല. ഇതു ഗുരുതര വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുന്നു.
ജയിൽ ചാട്ടമോ മറ്റ് അനിഷ്ട സംഭവങ്ങളോ ജയിലിൽ ഉണ്ടായാൽ സൂപ്രണ്ടിനെ വിവരം അറിയിക്കണം. സൂപ്രണ്ട് ഫോട്ടോ സഹിതമുള്ള പ്രതിയുടെ വിവരങ്ങൾ പരിധിയിലെ പോലീസ് സ്റ്റേഷനിൽ കൈമാറണം. തടവുകാരന്റെ വീടിനു സമീപമുള്ള പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറണം.
അതോടൊപ്പം ജയിൽ ഡിജിപിയെ വിവരം അറിയിക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ജയിൽ ഉന്നതർ തടവുകാരൻ ജയിൽ ചാടിയത് അറിയാൻ വൈകിയെന്നാണു ലഭിക്കുന്ന വിവരം. ഇത്തരക്കാരുടെ വാറന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ 10 വർഷം വരെ ജയിലിൽ സൂക്ഷിക്കണം.
ഇതോടൊപ്പം ചാടിയ തടവുകാരനെ തിരികെപ്പിടികൂടാൻ സഹായകമായ വിവരം കൈമാറിയ വ്യക്തിക്ക് 10,000 രൂപയുടെ പാരിതോഷികം നൽകാനും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.