യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
Friday, July 25, 2025 5:44 AM IST
ആലത്തൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ(24)യാണു മരിച്ചത്. പ്രദീപിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി പ്രദീപും നേഘയും രണ്ടരവയസുള്ള മകള്‍ അലേനയും ഉറങ്ങാന്‍ കിടന്നതായിരുന്നു. അർധരാത്രി 12.30 ഓടെ മകളുടെ കരച്ചില് കേട്ട് എഴുന്നേറ്റ പ്രദീപ് ഭാര്യ കട്ടിലിനുതാഴെ വീണുകിടക്കുന്നതായി കാണുകയായിരുന്നു.
അരികില്‍ കയറുമുണ്ടായിരുന്നു. മാതാപിതാക്കളെ വിളിച്ച് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ അസ്വാഭാവികത സംശയിച്ച് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പ്രാഥമികപരിശോധനയില്‍ കഴുത്തില്‍ പാടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ നേഘയുടെ കുടുംബവും ഭര്‍ത്താവിനെതിരേ ആരോപണവുമായി രംഗത്തെത്തി. ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറുവര്‍ഷം മുമ്പായിരുന്നു വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം. പ്രവാസിയായിരുന്ന പ്രദീപ് പിന്നീട് നാട്ടിലെത്തി കോയമ്പത്തൂരിലെ ചെരിപ്പുകടയില്‍ ജീവനക്കാരനായി. പ്രദീപ് ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുമ്പോള്‍ നേഘയെ മര്‍ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍തൃപീഡനമെന്ന ബന്ധുക്കളുടെ പരാതിയിലാണ് പ്രദീപിനെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേഘയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വടക്കഞ്ചേരി കാരപ്പൊറ്റയിലെ വീട്ടില്‍ സംസ്കരിച്ചു. സുബ്രഹ്മണ്യനാണു നേഘയുടെ അച്ഛൻ. അമ്മ: ജയന്തി. സഹോദരങ്ങള്‍: രേഖ, മേഘ.