ജയിലിനകത്തും ഭീകരൻ!
Saturday, July 26, 2025 2:43 AM IST
കണ്ണൂർ സെൻട്രൽ ജയിലിലെ ജീവനക്കാർക്കും സഹതടവുകാർക്കും ഒരു പോലെ പേടിയുള്ള പ്രത്യേക സ്വഭാവക്കാരനാണ് ഗോവിന്ദച്ചാമി. എപ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്ന് ആർക്കും പറയാൻ കഴിയാത്ത സ്വഭാവമാണ് ഇയാളുടേതെന്നു ജയിൽ ജീവനക്കാർ പറഞ്ഞു. കൈയിൽ കിട്ടുന്നതെന്തും ആയുധമാക്കി മാറ്റുന്ന സ്വഭാവത്തിന്റെ ഉടമയാണ്.
മുന്‍പൊരിക്കൽ ജയിൽവളപ്പിൽനിന്ന് ലഭിച്ച ചിരട്ടക്കഷണം പ്രത്യേക രീതിയിൽ തേച്ചുമിനുക്കി കത്തിക്കു സമാനമായ രീതിയിൽ മാറ്റിയെടുത്തിരുന്നു. ഏതു സമയവും കൂർത്ത ചിരട്ടക്കഷണം കൊണ്ടുനടക്കുന്ന പ്രതി പ്രകോപിതനായി ഇതെടുത്ത് കുത്തി പരിക്കേൽപ്പിക്കും.
അംഗപരിമിതനു ലഭിക്കുന്ന അവകാശത്തിന്റെ പേര് പറഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ജീവനക്കാർക്കെതിരേ പരാതി നൽകുന്നതും പതിവാണ്. അക്രമ സ്വഭാവമുള്ളതുകൊണ്ട് ജീവനക്കാരും മറ്റു തടവുകാരും അകലം പാലിച്ചിരുന്നു. കൂടാതെ ആരുമായും ഗോവിന്ദച്ചാമി ഏറെ അടുപ്പം കാട്ടിയിരുന്നില്ല.
മുന്‍പൊരിക്കൽ ബിരിയാണി വേണമെന്നു വാശിപിടിച്ചത് അംഗീകരിക്കാത്തതിനെത്തുടർന്ന് നിരാഹാര സമരം നടത്തുകയും ഭക്ഷണം തരുന്നില്ലെന്ന് പരാതി നൽകുകയും ചെയ്ത സംഭവമുണ്ടായിരുന്നു. പിന്നീട് ജയിൽ അധികൃതർ ബിരിയാണി എത്തിച്ചു നൽകിയാണു പ്രശ്നം പരിഹരിച്ചത്.