എച്ച്പിസിഎല്ലിന്റെ എലത്തൂര്‍ ഡിപ്പോ നിരോധിത മേഖലയായി പ്രഖ്യാപിച്ചു
Friday, July 25, 2025 6:29 AM IST
കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) എലത്തൂരിലെ പോര്‍ട്ട് ഓഫ് ലോഡിംഗ് (പിഒഎല്‍) ഡിപ്പോ നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം നിലവില്‍ വന്നു.
അതീവ പ്രാധാന്യമുള്ള പ്രദേശമായതിനാലും ഈ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് പ്രയോജനകരമായേക്കാമെന്നതിനാലുമാണ് നിരോധിത മേഖലയായി പ്രഖ്യാപിച്ചത്.
1923-ലെ ഔദ്യോഗിക രഹസ്യ ആക്ടിന്റെ വിവധ വകുപ്പുകൾപ്രകാരമാണ് പ്രഖ്യാപനം. ഇതനുസരിച്ച് എച്ച്പിസിഎല്‍ ഡിപ്പോയുടെ എലത്തൂരിലെ വിവിധ ഭാഗങ്ങള്‍ നിരോധിതസ്ഥലമായിരിക്കും. വിജ്ഞാപനത്തിന്റെ പകര്‍പ്പുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും എലത്തൂരില്‍ പതിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോഴിക്കോട് താലൂക്കിലെ എലത്തുര്‍ വില്ലേജിലെ റീസര്‍വെ നമ്പര്‍ 32/ഒന്നിലാണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. നിരോധിത മേഖലയുടെ അതിരുകള്‍ വിജ്ഞാപനത്തില്‍ കൃത്യമായി കാണിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ ആദ്യവാരം എലത്തൂരിലെ ഇന്ധന ഡിപ്പോയില്‍ ഡീസല്‍ ചോര്‍ച്ചയുണ്ടായത് വ്യാപക പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു. ഈ വിഷയത്തില്‍ എച്ച്പിസിഎല്‍ നിയമനടപടി നേരിടുന്നതിനിടെയാണ് ഡിപ്പോ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ നിരോധിത മേഖലയാക്കി പ്രഖ്യാപിച്ചത്. പ്രദേശത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ഡീസല്‍ കലര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു.
ഭാരത സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളില്‍ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളില്‍ 25 ശതമാനം വിപണി പങ്കാളിത്തവും ഈ സ്ഥാപനത്തിനുണ്ട്.