സ്കൂളുകളില്‍ കൂടുതല്‍ ‘മാ കെയര്‍ കിയോസ്കു’കളുമായി കുടുംബശ്രീ
Saturday, July 26, 2025 1:01 AM IST
കൊച്ചി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളില്‍ കൂടുതല്‍ ‘മാ കെയര്‍ കിയോസ്കു’കളുമായി കുടുംബശ്രീ.
കുട്ടികള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ 400 സ്കൂളുകളിലേക്കുകൂടി കിയോസ്കുകള്‍ എത്തും.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ ആരംഭിച്ച ‘മാ കെയര്‍ കിയോസ്കു’ കളില്‍നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് മറ്റു സ്കൂളുകളിലേക്കും ഇവയെത്തുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ആയിരം സ്കൂളുകളിലേക്കുകൂടി ‘മാ കെയര്‍ കിയോസ്കു’ കള്‍ വ്യാപിപ്പിക്കാനാണു പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്കുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങാം. കുട്ടികള്‍ സ്കൂള്‍സമയത്ത് മറ്റാവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതില്‍നിന്നും ലഹരി ഉപയോഗത്തില്‍നിന്നും അവരെ തടയാനും കഴിയും. പദ്ധതിക്ക് രക്ഷിതാക്കളില്‍നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് സ്ഥിരവരുമാനം നേടാമെന്ന സവിശേഷതയും ഇതിനുണ്ട്. കിയോസ്കുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള അയല്ക്കൂട്ടാംഗങ്ങള്ക്ക് പരിശീലനവും നല്‍കുന്നുണ്ട്.