അനധികൃത സ്വത്ത് സന്പാദനം: കേസ് ഡയറി ഹാജരാക്കി
Saturday, July 26, 2025 1:01 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സന്പാദന കേസിന്റെ കേസ് ഡയറി ഹാജരാക്കി. ഇതു കൂടാതെ സർക്കാർ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട ഉത്തരവിന്റെ പകർപ്പ്, സാക്ഷിമൊഴികൾ എന്നിവയാണ് ഹാജരാക്കിയത്. ഇതിൽ പരിശോധന നടത്തിയ ശേഷം ഹർജിക്കാരനോട് കോടതിയെ അറിയിക്കുവാൻ നിർദേശിച്ചു.
കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത്. അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സന്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹർജിയിലാണ് കോടതി നടപടി.
എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്നവർ അന്വേഷണം നടത്തിയതിനാലാണ് ക്ലീൻ ചിറ്റ് നൽകിയതെന്നാണ് ഹർജിക്കാരന്റെ വാദം. നിലവിൽ ഉണ്ടായിരുന്ന പരാതികളിൽ അന്വേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് സർക്കാർ അഭിഭാഷകന്റെ നിലപാട്.