വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക
Friday, July 25, 2025 6:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലെ എല്ലാ ജോലികളും ഏകോപിപ്പിക്കുകയാണ് ഡെപ്യൂട്ടി കളക്ടറുടെ പ്രധാന ചുമതല. ദുരന്തനിവാരണ നഷ്ടപരിഹാര ഫയലുകളും ഇവരാണ് കൈകാര്യം ചെയ്യേണ്ടത്.
നിലവിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക നിലവിലുണ്ട്. എന്നാൽ, പ്രകൃതിദുരന്തങ്ങൾ ഏറെയുണ്ടാകുന്ന ഇടുക്കിയിലും വയനാട്ടിലും ഈ തസ്തിക നിലവിൽ ഇല്ലായിരുന്നു. തുടർന്നാണ് രണ്ടു ജില്ലകളിലും ഇതുകൂടി ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഈ ജില്ലകളിലെ റവന്യു ഭരണത്തിലെ ഓരോ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കിയാണ് ദുരന്തനിവാരണത്തിനായി ഒരു ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക.