ഡിജിറ്റൽ സർവകലാശാല കെ. ചിപ്പ് നിർമാണത്തിൽ ദുരൂഹത: സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി
Friday, July 25, 2025 5:44 AM IST
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയും കേരള സർക്കാരും സംയുക്തമായി പ്രഖ്യാപിച്ച ’കൈരളി ചിപ്പ് ’(കെ. ചിപ്പ്) നിർമാണത്തിൽ ദുരൂഹതയും അപാകതയുമെന്ന പരാതിയുമായി സേവ് യൂണിവേവ്സിറ്റി കാന്പയിൻ കമ്മിറ്റി.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കെ. ചിപ്പ് നിർമിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി രംഗത്തെത്തി. ഡിജിറ്റൽ സർവകലാശാലയും കേരള സർക്കാരുമാണ് ’കൈരളി ചിപ്പ് ’ ഇന്ത്യയിലാദ്യമായി നിർമിച്ചതായി പ്രഖ്യാപിച്ചത്.
എന്നാൽ ഡിജിറ്റൽ സർവകലാശാലക്ക് സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്യാനോ നിർമിക്കാനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ’കൈരളി ചിപ്പു’മായി ബന്ധപ്പെട്ട് ഔദ്യോഗിക പരിശോധനാ ഫലങ്ങളോ, ഉപയോഗപരിധിയിലേക്കുള്ള സ്ഥിരീകരണങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ചിപ്പിന്റെ ഡിസൈൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയോ പേറ്റന്റ് ലഭിക്കുകയോ വാണിജ്യപരമായി ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നേട്ടങ്ങളോ ഉപയോഗയോഗ്യതയോ പരിശോധിക്കാതെയാണ് സർക്കാർ ഈ ചിപ്പിന്റെ നിർമാണത്തിന് ഫണ്ടുകളും അവാർഡും അനുവദിച്ചതെന്നും പരാതിയിൽ പറയുന്നു.
ഡിജിറ്റൽ സർവകലാശാലയിൽ നടന്ന സാന്പത്തിക തിരിമറികൾ അന്വേഷിക്കാൻ സിഎജിയെ ചുമതലപ്പെടുത്തി ഗവർണർ ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തിൽ കെ. ചിപ്പ് നിർമാണവും അന്വേഷണവിധേയമാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.