സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്കരണം നിർണായകം: മന്ത്രി ബാലഗോപാൽ
Saturday, July 26, 2025 2:43 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണം സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ മാറ്റങ്ങൾ ഉൾപ്പെടുത്തിയാവണം പാഠപുസ്തകങ്ങൾ പരിഷ്കരിക്കേണ്ടത്. സംസ്കാരം, കായികം, കല തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം. സംസ്ഥാനത്ത് വൻവ്യവസായങ്ങൾ വികസിപ്പിക്കാനും സാമൂഹ്യജീവിതം മെച്ചപ്പെടുത്താനും ഉതകുന്ന പരിഷ്കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
പത്ത് വർഷത്തിനു ശേഷം ഒന്നു മുതൽ 10-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. കേരളത്തിലെ വിദ്യാഭ്യാസം മികവേറിയതിനാലാണ് ലോകോത്തര സർവകലാശാലകളിൽ പ്രവേശനം നേടാൻ ഇവിടുത്തെ വിദ്യാർഥികൾക്കു കഴിയുന്നത്. മികച്ച അടിത്തറയാണ് സംസ്ഥാനം ലഭ്യമാക്കുന്നത്.
ലോകത്തെവിടെയുമുള്ള വിദ്യാർഥികൾ ഇവിടേക്ക് എത്തുന്ന സാഹചര്യം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വിദേശത്തുനിന്നും ഈ വർഷം 2500 വിദ്യാർഥികൾ സംസ്ഥാനത്ത് പഠനത്തിനായി എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയെന്ന പ്രഖ്യാപിതലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണങ്ങൾ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രണ്ടര വർഷത്തിനുള്ളിൽ ഒന്നു മുതൽ10 വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു.
അന്നും പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ജനകീയ ചർച്ചയോടെ ആയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ജനകീയ ചർച്ചകൾ നടന്നു.
കൂടാതെ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ തങ്ങളുടെ അഭിപ്രായം കൂടി അറിയിക്കാൻ കുട്ടികൾക്കും അവസരം നല്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.