പെയ്തുതോരാതെ വിഎസ്
Friday, July 25, 2025 6:29 AM IST
തിരുവനന്തപുരം: അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്നു മന്ത്രിസഭായോഗം. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ രാഷ്ട്രീയ സാന്നിധ്യമാണ് അസ്തമിച്ചതെന്നും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മന്ത്രിസഭയിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറയുന്നു.
ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജീവിതമാണ് വിഎസിന്റേത്. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരങ്ങളുമായി പര്യായപ്പെട്ടു നിൽക്കുന്ന പേരാണത്.
കേരള ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളി-കർഷക മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു വളർന്ന വിഎസിന്റെ രാഷ്ട്രീയജീവിതം ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെയാണ് വളർന്നത്.
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ നേരിട്ട കൂലി, ജാതി അടിമത്വത്തിന് അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ച് അവരെ സംഘടിതശക്തിയായി വളർത്തി.
പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ മേഖലകളിൽ വിഎസ് ഇടപെടുകയും സാമൂഹ്യശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ വിഎസ് നൽകിയ സംഭാവന മറക്കാനാവില്ല. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി ഭരണ നടപടികളിലൂടെ കേരളത്തെ മുന്നോട്ടു നയിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചു. ഭരണരംഗത്തും നിയമനിർമാണ കാര്യങ്ങളിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും അദ്ദേഹം സമാനതകളില്ലാത്ത സംഭാവന നൽകി- പ്രമേയത്തിൽ പറയുന്നു.