മിശിഹാനുകരണ സന്യാസിനീ സമൂഹം ശതാബ്ദി നിറവില്‍
Saturday, July 26, 2025 2:44 AM IST
കോട്ടയം: മിശിഹാനുകരണ സന്യാസിനീ സമൂഹം (ബഥനി) ശതാബ്ദിയുടെ നിറവില്‍. ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിനാല്‍ 1925 സെപ്റ്റംബര്‍ 21നു തിരുവല്ല തിരുമൂലപുരത്ത് സ്ഥാപിതമായതാണ് സന്യാസിനി സമൂഹം. ശതാബ്ദി ആഘോഷ സമാപനം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തു നടക്കും.
രാവിലെ എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. തുടര്‍ന്ന് 10.30ന് ബഥനി സന്യാസിനീ സമൂഹം സൂപ്പീരിയര്‍ ജനറല്‍ മദര്‍ ആര്‍ദ്രയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കേരള ഗവണ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. ജയകുമാർ, ബഥനി സന്യാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് കുറ്റിയില്‍, നാഷണല്‍ സിആര്‍ഐ പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, ഒസിഡി മഞ്ഞുമ്മല്‍ പ്രോവിൻസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ. അഗസ്റ്റിന് മുള്ളൂര്‍, മേരീമക്കള്‍ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിഡിയ ഡിഎം, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി കെ. ഏബ്രഹാം, മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോസ് എസ്ഐസി എന്നിവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനത്തിനു മുന്നോടിയായി ഓഗസ്റ്റ് ഒന്നിന് ധന്യന്‍ മാര്‍ ഈവാനിയോസ് അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബര്‍ ചാപ്പലില്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെയും വചനപ്രഘോഷകന് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും നേതൃത്വത്തില്‍ സുവിശേഷ സന്ധ്യയും ഉണ്ടായിരിക്കും.
അഞ്ച് പ്രോവിന്‍സുകളിലായി 940 സമര്‍പ്പിത സഹോദരിമാരും മഠങ്ങളും 145 സ്ഥാപനങ്ങളുമായി ഭാരതത്തിനകത്തും പുറത്തുമായി ആധ്യാത്മിക, സാംസ്ക്കാരിക, വിദ്യാഭ്യാസ, ആതുര സേവന, മിഷന് രംഗങ്ങളില്‍ ത്യാഗോജ്വലമായ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ബഥനി സിസ്റ്റേഴ്സ് ഏര്‍പ്പെട്ടിരിക്കുന്നു.
സുപ്പീരിയര്‍ ജനറല്‍ മദര്‍ ഡോ. ആര്‍ദ്ര, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ഡോ. സാന്ദ്ര, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോബ്സി , സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ രാജിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.