കനത്ത മഴയിൽ മരം വീണ് രണ്ടുപേർ മരിച്ചു
Saturday, July 26, 2025 3:02 AM IST
മല്ലപ്പള്ളി/ തൊടുപുഴ: ഇന്നലെയുണ്ടായ കനത്ത മഴയിൽ തൊടുപുഴയിലും മല്ലപ്പള്ളിയിലുമായി മരം വീണ് രണ്ടുപേർ മരിച്ചു.
തൊടുപുഴയിൽ കാറ്റിൽ മരച്ചില്ല ഒടിഞ്ഞുവീണ് ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന കന്പം ഗൂഡല്ലൂർ കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്.
മല്ലപ്പള്ളി കോട്ടാങ്ങലിൽ വീടിനു സമീപത്തെ മരം വീണാണ് മേതലപ്പടി വെള്ളിക്കര വീട്ടിൽ ബേബി ജോസഫ് (62) മരിച്ചത്. ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിൽ വീടിനു പിൻവശത്തുള്ള മരങ്ങൾ കടപുഴകി വീടിനു സമീപത്തെ ഷെഡിനു മുകളിൽ വീഴുകയായിരുന്നു.
ഈ സമയം ഷെഡിൽ ഉണ്ടായിരുന്ന ബേബി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണതാകാമെന്നാണ് നിഗമനം. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മരം വീണു തകർന്ന ഷെഡിൽ രാത്രി ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ജ്യോതിക്ക് മറ്റൊരു അപകടത്തിൽ കാലിനു പരിക്കേറ്റിരുന്നതിനാൽ മണിമലയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. മണിമല സ്റ്റാൻഡിലെ ടാക്സി ഡ്രൈവറാണ്. മൃതദേഹം മല്ലപ്പള്ളി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മക്കൾ: മിലൻ (ഹൈദരാബാദ്), മെർലിൻ (യുകെ).