ജയിൽ ചാടി കിണറ്റിലൊളിച്ച ഗോവിന്ദച്ചാമി പിടിയിൽ
Saturday, July 26, 2025 3:44 AM IST
കണ്ണൂർ: സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെ മണിക്കൂറുകൾക്കകം നഗരം വിടുന്നതിനുമുന്പ് പോലീസിന്റെ പിടിയിലായി.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രണ്ടര കിലോമീറ്ററും റെയിൽവേ സ്റ്റേഷനിൽനിന്ന് ഒന്നര കിലോമീറ്ററും അകലെ തളാപ്പിലെ കാടുപിടിച്ച പറന്പിലെ കിണറ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ രാവിലെ ഒന്പതോടെ ഇതുവഴി ബൈക്കിൽ കടന്നുപോയ വിനോജ് എന്നയാൾ തന്റെ മുന്നിലൂടെ നടന്നുപോയത് ഗോവിന്ദച്ചാമിയാണോ എന്ന സംശയത്തെത്തുടർന്ന് പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കിണറ്റിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കിണറ്റിൽനിന്ന് അതിസാഹസികമായാണു പോലീസ് ഇയാളെ പുറത്തെത്തിച്ചത്.
പോലീസെത്തി പിടികൂടി വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിനിടെ അലറി വിളിച്ച് പോലീസുകാരെ കടിച്ചു പരിക്കേൽപ്പിക്കാനും ശ്രമിച്ചു. ജയിലിൽ പരിശോധനയ്ക്കെത്തിച്ച പോലീസ് നായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും തളാപ്പ് ഭാഗത്തേക്കുതന്നെയായിരുന്നു മണം പിടിച്ച് ഓടിയെത്തിയതും.
ഇതിനിടെ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ദേശീയപാതയിലൂടെ പ്രതി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ജയിൽ ഡിജിപി ഡിജിപി ബൽറാം കുമാർ ഉപാധ്യായ സെൻട്രൽ ജയിലിൽ സന്ദർശനം നടത്താനിരിക്കെയാണു കുപ്രസിദ്ധ തടവുകാരൻ ജയിൽ ചാടിയത്.
കന്പികൾ മുറിച്ച് പുറത്തു കടന്നു, വൈദ്യുതവേലി പ്രവർത്തനരഹിതം
ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്കു സഹായമായത് ജയിൽ മതിലിനു മുകളിലെ പ്രവർത്തനരഹിതമായ വൈദ്യുത വേലി. വൈദ്യുതവേലി പ്രവർത്തിക്കുന്നില്ലെന്നു കൃത്യമായി മനസിലാക്കിയാകാം ജയിൽ ചാടിയതെന്നാണു നിഗമനം. കണ്ണൂർ സെൻട്രൽ ജയിലിൽ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽനിന്നാണ് ഇന്നലെ പുലർച്ചെ ഗോവിന്ദച്ചാമി മുങ്ങിയത്.
പുലർച്ചെ 1.15 ന് സെല്ലിൽനിന്നു പുറത്തു കടന്നശേഷം പുലർച്ചെ നാലോടെയാണു പുറത്തെ ചുറ്റുമതിൽ ചാടിക്കടന്നത്. പത്താം ബ്ലോക്കിന്റെ ഉപബ്ലോക്കായ ബി ബ്ലോക്കിലെ നാലാം സെല്ലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. ബി ബ്ലോക്കിൽ വിവിധ സെല്ലുകളിലായി 68 തടവുകാരാണുള്ളത്.
സെല്ലിന്റെ മുൻവശത്തെ ഇരുന്പ് ഗ്രിൽസിന്റെ രണ്ടു കന്പികൾ മുറിച്ചുമാറ്റിയാണ് സെല്ലിൽനിന്നു പുറത്തേക്കു കടന്നത്. പത്താം ബ്ലോക്കിന്റെ മതിൽ മറികടന്നു ജയിൽവളപ്പിൽ ഒളിച്ചിരുന്നശേഷം പുലർച്ചെ സെൻട്രൽ ജയിലിന്റെ തെക്കയറ്റത്തെ കൂറ്റൻ മതിലിനു മുകളിലൂടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
പുതപ്പും തുണികളും മറ്റും നീളത്തിൽ കെട്ടിയശേഷം ജയിലിനു പുറത്തുള്ള കൂറ്റൻ മതിലിനു മുകളിൽ കയറി ഇവിടെയുള്ള ഇരുന്പുവേലിയുടെ തൂണിൽ കെട്ടിയശേഷം തുണിക്കയർ പിടിച്ച് പുറത്തേക്ക് ഊർന്നിറങ്ങുകയായിരുന്നു. മതിലിനു മുകളിൽ സുരക്ഷയ്ക്കായാണു വൈദ്യുതി കടത്തിവിട്ടുള്ള വേലിയുള്ളതെങ്കിലും നാളുകളായി ഇതു പ്രവർത്തനക്ഷമമായിരുന്നില്ല.
മതിലിനു സമീപം കന്നാസുകളും ബാരലും പാത്രങ്ങളും കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഗോവിന്ദച്ചാമിക്കൊപ്പം സെല്ലിൽ മറ്റൊരു തടവുകാരനുണ്ടായിരുന്നെങ്കിലും ഇയാൾപോലും രക്ഷപ്പെടൽ അറിഞ്ഞിട്ടില്ലെന്നാണു പറഞ്ഞത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
വിവരമറിഞ്ഞത് രാവിലെ ഏഴിന്
പാതിരാത്രിയിൽ ഗോവിന്ദച്ചാമി മുങ്ങിയെങ്കിലും ജയിലധികൃതർ രാവിലെ ഏഴോടെ മാത്രമാണു തടവുപുള്ളി രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ മതിലിനു മുകളിൽനിന്ന് തുണിക്കയർ പുറത്തേക്കു തൂങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ജയിലധികൃതർ മനസിലാക്കുന്നത്. ഇതിനുമുന്പ് സെല്ലുകളിൽ പരിശോധന നടത്തിയെന്നു കാണിച്ചുള്ള ഗാർഡ് റിപ്പോർട്ടിൽ എല്ലാ തടവുകാരും ജയിലിലിലുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ജയിൽചാട്ടം നടന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷവും പോലീസിനെ അറിയിക്കുന്നതിൽ ജയിലധികൃതർക്കു വീഴ്ച സംഭവിച്ചു. തടവുകാരൻ രക്ഷപ്പെട്ടുവെന്ന് ഉറപ്പായതിനുപിന്നാലെ പോലീസ് ഗോവിന്ദച്ചാമിയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങളും അറിയിക്കേണ്ട ഫോൺ നന്പറുകളും ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു.
ഇതാണു പ്രതി നഗരം വിടുന്നതിന് മുന്പുതന്നെ പിടികൂടാൻ സഹായമായത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തിയശേഷം പ്രതിയെ പോലീസ് ചോദ്യം ചെയ്തു. മോഷണം നടത്തി പണവുമായി തമിഴ്നാട്ടിലേക്കു കടക്കാനായിരുന്നു പദ്ധതിയെന്ന് ഗോവിന്ദച്ചാമി പോലീസിനു മൊഴി നൽകി.
തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലാക്കി. ഇയാളെ ഇനി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റിയേക്കുമെന്നാണു സൂചന.
മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ടവർ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന സെൻട്രൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.കെ. രജീഷ്, ബ്ലോക്ക് ഡ്യൂട്ടിയിലായിരുന്ന അസി. പ്രിസൺ ഓഫീസർ എസ്. സഞ്ജയ്, സിസിടിവി കൺട്രോൾ റൂം ചുമതലയുണ്ടായിരുന്ന അഖിൽ ചാരറ്റ് എന്നിവരെയാണ് ഉത്തരമേഖലാ ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തത്.
ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണു സംഭവിച്ചതെന്നാണു വിലയിരുത്തൽ.