“ഒരുപാട് പെണ്‍കുട്ടികൾക്കവൻ ഭീഷണിയായേനെ” ; ആശ്വാസക്കണ്ണീരോടെ സൗമ്യയുടെ അമ്മ
Saturday, July 26, 2025 2:43 AM IST
തൃശൂർ: ഗോവിന്ദച്ചാമിയെ പിടികൂടിയതറിഞ്ഞപ്പോൾ സുമതി ചിരിച്ചു; ആശ്വാസംനിറഞ്ഞ ചിരി. ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിട്ടു ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി ഗോവിന്ദച്ചാമി ജയിലിൽനിന്നു രക്ഷപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണു കേട്ടത്. തന്റെ ശരീരം വിറയ്ക്കുകയാണെന്നായിരുന്നു അവരുടെ ആദ്യപ്രതികരണം.
എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഗോവിന്ദച്ചാമി പിടിയിലായെന്നു കേട്ടതോടെ ആശങ്ക ആശ്വാസക്കണ്ണീരിനു വഴിമാറി.
അവനെ പിടികൂടാനായില്ലെങ്കിൽ ഒരുപാടു പെണ്‍കുട്ടികൾക്ക് അവൻ ഭീഷണിയാകുമായിരുന്നുവെന്നും ഇപ്പോൾ ആശ്വാസമുണ്ടെന്നും സുമതി പറഞ്ഞു. ജയിൽചാട്ടം വിശദമായി അന്വേഷിക്കണം.
ജയിൽചാട്ടത്തിനുള്ള അവസരവും സാഹചര്യവും എങ്ങനെ ലഭിച്ചെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സുമതി ആവശ്യപ്പെട്ടു. ഇത്രയും സുരക്ഷയുള്ള ജയിലിൽനിന്ന് ആരുടെയെങ്കിലും സഹായമില്ലാതെ അയാൾക്കു രക്ഷപ്പെടാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. സഹായംചെയ്തവരെയും പിടികൂടണം.
എത്രയും പെട്ടെന്ന് അവനെ പിടിക്കണമെന്നും ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവനാണവനെന്നും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണു ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വാർത്ത കണ്ണൂരിൽനിന്നു വന്നത്. ഇതോടെ ഒരു പ്രാർഥനപോലെ കണ്ണടച്ചു കൈകൾ ചേർത്തുപിടിച്ച് സുമതി ആശ്വാസം പ്രകടിപ്പിച്ചു.