മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി ; വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് അഭിമാനവേള
ജെവിന്‍ കോട്ടൂര്‍
Friday, July 25, 2025 5:44 AM IST
കോട്ടയം: ദൈവദാസന് മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവിയുടെ സന്തോഷത്തിലാണ് കോട്ടയം അതിരൂപതയും അദ്ദേഹം സ്ഥാപിച്ച വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനും (എസ്വിഎം).
രൂപത നിലവില്‍ വരുന്നതിനും മുന്‍പേ സ്ഥാപിതമായ വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന് 133 വർഷത്തെ ചരിത്രമുണ്ട്. കോട്ടയം സെന്റ് ജോര്‍ജ് (ഇടയ്ക്കാട്ട്)പള്ളിയില്‍ മാര്‍ മാക്കീലിന്റെ കബറിടത്തിനു മുന്നില്‍ നമ്രശിരസ്കരാവുകയാണ് സഭാംഗങ്ങള്‍.
ഈ ധന്യവേളയിൽ സുപ്പീരിയര്‍ ജനറൽ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് ദീപികയോട് പ്രതികരിക്കുന്നു:
വലിയ കാഴ്ചപ്പാട്
നാടു നന്നാകാന്‍ നാരികള്‍ നന്നാകണമെന്നു പറഞ്ഞാണ് മാര്‍ മാത്യു മാക്കീല്‍ 1892 ജൂണ്‍ 24നു കൈപ്പുഴയില്‍ വിസിറ്റേഷന്‍ സമൂഹത്തിനു തുടക്കം കുറിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിനൊപ്പം അവരുടെ ആത്മീയവളര്ച്ചകൂടി അദ്ദേഹം ലക്ഷ്യം വച്ചു. ക്നാനായ സ്ത്രീകള്‍ക്കു മാത്രമായി സന്യാസാവസരം അക്കാലത്തില്ലായിരുന്നു. സ്ത്രീ ഉന്നമനവും കുടുംബ സുസ്ഥിതിയും വഴി സമൂഹവളര്ച്ചയായിരുന്നു ലക്ഷ്യം.
പ്രേഷിതപ്രവര്‍ത്തനം
ക്നാനായ സമുദായം സ്വഭാവത്താലേ പ്രേഷിതരാണ്. എസ്വിഎം സന്യാസികള്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നു. ആഗോളതലത്തില്‍ തൊണ്ണൂറിലേറെ മഠങ്ങളും സ്ഥാപനങ്ങളുമുണ്ട്. കോട്ടയം അതിരൂപതയ്ക്കു കീഴില്‍ വിസിറ്റേഷന്‍ സമൂഹത്തില്‍ 545 സന്യാസിനികളുണ്ട്. വിദ്യാഭ്യാസത്തിനു പിന്നാലെയാണ് ആതുരശുശ്രൂഷയിലേക്കും പ്രവേശിച്ചത്. കുടുബപ്രേഷിതത്വം ലക്ഷ്യംവച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹം നടത്തുന്നു.
വീടുകളിലെത്തി അവരെ കേട്ടും ഇടപെട്ടും ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നു. കുടുംബ നവീകരണത്തിന് ജീവ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. മാനന്തവാടിയില്‍ മാര്‍ മാക്കീല്‍ ഭവന് കൗണ്‍സിലിംഗ് സെന്ററും വനിതാ കേന്ദ്രവുമുണ്ട്.
അഭിമാനനിമിഷം
മാര്‍ മാക്കീല്‍ ധന്യപദവിയിലെത്തുമ്പോള് വളരെയേറെ അഭിമാനമുണ്ട്. ഇതിനു പിന്നില്‍ ഏറെപ്പേരുടെ പ്രാര്‍ഥനയും ത്യാഗങ്ങളുണ്ട്. പിതാവിന്റെ വിശുദ്ധി ലോകം അറിയണം. ദൈവദാസ പ്രഖ്യാപനത്തിനുശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയതു വൈസ് പ്രോസ്റ്റുലേറ്റേഴ്സായ സിസ്റ്റര്‍ മേഴ്സിലറ്റ്, സിസ്റ്റര്‍ ലിസ് മരിയ എന്നിവരും മാര്‍ മാത്യു മാക്കിലിനെക്കുറിച്ച് ആദ്യമയി പഠനം നടത്തിയത് സിസ്റ്റര്‍ മെറിനുമാണ്.
അനുഗ്രഹവര്‍ഷം
മക്കളില്ലാത്ത ഒരു അക്രൈസ്തവ ദമ്പതികള്‍ ചികിത്സാര്‍ഥം കോട്ടയം മെഡിക്കല്‍ കോളജില്‍ വന്നശേഷം വിശ്രമിക്കുമ്പോള്‍ താഴത്തങ്ങാടി എന്ന സ്ഥലത്തെക്കുറിച്ച് ഉള്‍വിളിയുണ്ടായി. ഇവര്‍ താഴത്തങ്ങാടിയിലെത്തിയപ്പോള് ഇടയ്ക്കാട്ടുപള്ളി കാണാനിടയായി. ദമ്പതികള്‍ അവരുടെ വിഷമം അവിടെയുണ്ടായിരുന്ന സിസ്റ്റര്‍മാരോടു പറഞ്ഞു.
ഇരുവരും പിതാവിന്റെ കബറിടത്തില്‍ തിരി തെളിച്ചു പ്രാര്‍ഥിച്ചശേഷം മടങ്ങി. 15 മാസങ്ങള്‍ക്കുശേഷം കുഞ്ഞുമായി കബറിടത്തില്‍ നന്ദി പറഞ്ഞു പ്രാര്‍ഥിക്കാന്‍ അവർ എത്തിയതോടെയാണ് അദ്ഭുതങ്ങള്‍ ലോകം അറിഞ്ഞുതുടങ്ങിയത്. ചിലര്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങള്‍ ഭേദമായി. കാലിന്റെ വൈകല്യവും സുഖപ്പെട്ടു.
കബറിടവും മ്യൂസിയവും
കോട്ടയം വികാരിയാത്ത് സ്ഥാപിതമായപ്പോള്‍ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയായിരുന്നു കത്തീഡ്രല്‍. പിതാവിന്റെ തിരുവസ്ത്രങ്ങള്‍, കാസ, പീലാസ, അരുളിക്ക, കൂജ, തൊപ്പി, വിളക്ക്, പുസ്തകങ്ങള്‍, ഇടയലേഖനങ്ങള്‍, രചന നിർവഹിച്ച ദെക്രേത്ത് പുസതകം, ക്രിസ്തീയ വേദോപദേശ സംക്ഷേപം, കട്ടില്, ഓലക്കുട, വടികള്‍, സന്യാസിനീ സമൂഹത്തിനായി അദ്ദേഹം റോമില്നിന്നെത്തിച്ച തിരുശേഷിപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മ്യൂസിയവും ഒരുക്കിയിട്ടുണ്ട്.
തിരുഹൃദയ ഭക്തി
കൈപ്പുഴയില്‍ സന്യാസിനീസഭ സ്ഥാപിച്ചു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവിടെതന്നെ സേക്രഡ് ഹാര്‍ട്ട് സ്കൂളും ആരംഭിച്ച് സിസ്റ്റേഴ്സിനു കൈമാറി. കുടുംബത്തിന്റെ വിളക്കായ സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ടു വരണമെന്ന ചിന്താഗതിക്കാരനായിരുന്നു പിതാവ്. അമ്മമാരില്‍നിന്നു സംസ്കാരവും വിദ്യാഭ്യാസവും പകര്ന്നുനല്കി ഭക്തിയിലും ദൈവഭയത്തിലും അടുത്ത തലമുറയെ വളര്‍ത്തിയെടുക്കാനാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിസിറ്റേഷന്‍ അംഗങ്ങള്‍ വിദ്യാഭ്യാസ മേഖലയിലും മറ്റു മേഖലകളിലും ശുശ്രൂഷ ചെയ്യുന്നത്.