അനർട്ടിലെ ഇടപാടുകളെക്കുറിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണം: ചെന്നിത്തല
Friday, July 25, 2025 5:44 AM IST
തിരുവനന്തപുരം: അഞ്ചു വർഷമായി അനർട്ടിൽ നടക്കുന്ന മുഴുവൻ ഇടപാടുകളും ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണം. എന്നാൽ മാത്രമേ അഴിമതിയുടെ പൂർണചിത്രം പുറത്തു വരികയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ രമേശ് ചൂണ്ടിക്കാട്ടി.
കർഷകർക്ക് സൗജന്യമായി സൗരോർജ പന്പുകൾ നൽകാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനർട്ടിൽ 100 കോടിയിൽ പരം രൂപയുടെ അഴിമതി നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ താൻ പുറത്തുവിട്ടിരുന്നു എന്നു രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
ഈ സൗരോർജ പദ്ധതിയുടെ മറവിൽ അനർട്ടിലെ ഒരു ഗൂഢസംഘം വൈദ്യുത മന്ത്രാലയത്തിന്റെ അറിവോടുകൂടി ക്രമവിരുദ്ധമായ നിരവധി കാര്യങ്ങളാണ് നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ സംഘം നടത്തിയിരിക്കുന്നത്.
ഈ വിഷയത്തിൽ അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അനർട്ട് സിഇഒയെ മാറ്റിനിർത്തിക്കൊണ്ട് അവിടെ നടന്ന ഇടപാടുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.